പാലക്കാട്: മണ്ണാർക്കാട് എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി. കോയമ്പത്തൂരിൽ നിന്നും മലപ്പുറത്തേക്ക് 250 പെട്ടികളിലായി കടത്തിയ ആറേകാൽ ടൺ ജലാറ്റിൻ സ്റ്റിക്കാണ് എക്സൈസ് പിടികൂടിയത്. കേസിൽ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. തുടർ നടപടികൾക്കായി ഇവരെ പൊലീസിന് കൈമാറി.
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് മണ്ണാർക്കാട് നടത്തിയ വാഹന പരിശോധനയിലാണ് പച്ചക്കറി വണ്ടിയിൽ കടത്തിയ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടിയത്. കോയമ്പത്തൂരിൽ നിന്നും മത്തനും കാബേജുമായി വന്ന ലോറിയിലാണ് സ്ഫോടക വസ്തുക്കൾ പിടികൂടിയത്. കേസിൽ സേലം ആത്തൂർ സ്വദേശികളായ ഇളവരശൻ, കാർത്തി എന്നിവരെ അറസ്റ്റു ചെയ്തു.
ലോഡ് മലപ്പുറം - കോഴിക്കോട് അതിർത്തിയിൽ എത്തിക്കാനായിരുന്നു ലോറിക്കാർക്കുള്ള നിർദേശം. അവിടെ നിന്നും മറ്റൊരു വാഹനത്തിൽ സ്ഫോടകവസ്തുക്കൾ കൊണ്ടുപോവാനായിരുന്നു നീക്കമെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.