പാലക്കാട്: സംസ്ഥാനത്ത് ഒന്നാം വിള നെൽകൃഷിയില്‍ ഉൽപാദന തോത് ശരാശരിയിലും താഴെ. സാധാരണ നിലയിൽ 2200 കിലോ നെല്ലാണ് ഒരേക്കറിൽ നിന്നും കൊയ്തെടുക്കുന്നത്. എന്നാൽ ഈ വർഷം ഇത് ഏക്കറിന് ശരാശരി 1600 കിലോ എന്ന നിലയിലേക്ക് കുറഞ്ഞു. കാലാവസ്ഥയിൽ ഉണ്ടായ മാറ്റവും അമിതമായ രാസവള പ്രയോഗം മൂലം മണ്ണിന് ഫലഭൂയിഷ്‌ഠി നഷ്ടപ്പെട്ടതാണ് പ്രധാന കാരണങ്ങളായി കർഷകർ ചൂണ്ടിക്കാണിക്കുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നെൽകൃഷി നടക്കുന്ന പാലക്കാട് ജില്ലയിൽ ഒരിടത്തുപോലും ഏക്കറിൽ 2000 കിലോഗ്രാം എന്ന കണക്കിലേക്ക് എത്തിയിട്ടില്ല. ജില്ലയിൽ ഏറ്റവും കൂടുതൽ കൃഷിയിറക്കുന്ന തത്തമംഗലത്തെ കർഷകനായ അബ്ദുൽ ഹക്കീമിന്‍റെ കൃഷിയിടത്തിൽ നിന്നും 2750 കിലോ നെല്ല് മാത്രമാണ് കൊയ്തെടുക്കാനായത്. സ്ഥിരമായി രാസവളങ്ങൾ പ്രയോഗിക്കുന്നത് മണ്ണിന്‍റെ ഘടനയ്ക്ക് തന്നെ മാറ്റം വരുത്തിയിരിക്കുന്നു. അതുകൊണ്ടുതന്നെ രാസവളം അല്ലാതെയുള്ള കൃഷി അപ്രായോഗികമാണെന്നും കർഷകർ പറയുന്നു. വിളവ് മോശമായതിനൊപ്പം ഇത്തവണ സപ്ലൈകോ നെല്ല് സംഭരിക്കാൻ വൈകിയതും കർഷകർക്ക് ഇരട്ടി ആഘാതമായി.