പാലക്കാട്: കൊവിഡ് മഹാമാരിയെ നേരിടാൻ നാട് ഒറ്റക്കെട്ടായി ശക്തമായ പോരാട്ടമാണ് നടത്തുന്നത്. സർക്കാരും ആരോഗ്യപ്രവർത്തകരും പൊലീസും അഹോരാത്രം പ്രയത്നിക്കുന്നതിനിടെ വിശ്രമമില്ലാതെ തെരക്കിലാണ് പട്ടാമ്പിയിലെ ഓസ്കാർ തയ്യല്‍ കടയും.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളില്‍ രോഗികളെ പരിചരിക്കുന്നവർക്കായുള്ള പിപിഇ കിറ്റ് നിർമാണ പ്രവർത്തനവുമായി സജീവമാണ് ഓസ്കാർ ഉടമ സലീമും സഹപ്രവർത്തകരും. കൊവിഡ് രോഗികളെ പരിചരിക്കുന്നവർക്കും ആംബുലൻസ് ഡ്രൈവർമാർക്കുമുള്ള പിപിഇ കിറ്റുകളാണ് ഓസ്കാർ തയ്യല്‍ കടയില്‍ തയ്യാറാക്കുന്നത്. കാസർകോട്, കണ്ണൂർ, കോഴിക്കോട് എന്നിവടങ്ങളിലേക്കാണ് ഈ കിറ്റുകൾ നല്‍കുന്നത്. കൊവിഡ് രോഗം റിപ്പോർട്ട് ചെയ്തതിന് ശേഷം 25000ത്തില്‍ അധികം കിറ്റുകളാണ് സലീമിന്‍റെ കടയില്‍ നിന്നും നിർമിച്ച് നല്‍കിയത്.
കൊവിഡ് രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് വെള്ള നിറത്തിലും ആംബുലൻസ് ഡ്രൈവർമാർക്ക് നീല നിറത്തിലുമാണ് പിപിഇ കിറ്റുകൾ. പ്രതിഫലം കുറവാണെങ്കിലും രാജ്യം നേരിടുന്ന മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ പങ്കാളിയാകാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് സലീമും കൂട്ടരും.