പാലക്കാട് : അമ്മയ്ക്ക് ജീവനാംശം നൽകാത്ത ഗവ. സ്‌കൂൾ അധ്യാപികയായ മകൾക്കെതിരെ ഒറ്റപ്പാലം മെയിന്‍റനൻസ് ട്രിബ്യൂണലിന്‍റെ നടപടി. ജീവനാംശം നൽകേണ്ട 3,500 രൂപ പ്രതിമാസം ശമ്പളത്തിൽ നിന്ന് ഈടാക്കാൻ മെയിന്‍റനൻസ് ട്രിബ്യൂണൽ ഉത്തരവിട്ടു. പട്ടാമ്പി സ്വദേശിയായ എഴുപത്തിമൂന്നുകാരിയുടെ പരാതിയിലാണ് മകളിൽ നിന്ന് ജീവനാംശം ഈടാക്കാൻ ഉത്തരവായത്.
മകൾ ജോലിചെയ്യുന്ന പട്ടാമ്പിയിലെ ഗവ. സ്‌കൂളിലെ പ്രധാനാധ്യാപികയ്‌ക്കാണ് ശമ്പളത്തിൽനിന്ന് തുക ഈടാക്കി അമ്മയുടെ അക്കൗണ്ടിലേക്ക് നൽകേണ്ട ചുമതലയെന്നും ഒറ്റപ്പാലം സബ് കലക്‌ടർ ഡി ധർമലശ്രീയുടെ ഉത്തരവിൽ പറയുന്നു. ചെലവിന് പണം നൽകുന്നില്ലെന്നാരോപിച്ച് നാല് മക്കൾക്കെതിരെയാണ് അമ്മ ആദ്യം പരാതി നൽകിയത്.
2016ൽ നാലുമക്കളോടും ജീവനാംശം നൽകാൻ ട്രിബ്യൂണൽ ഉത്തരവിട്ടു. ഇവരിൽ രണ്ടുപേർ തുക നൽകുന്നില്ലെന്ന് കാണിച്ച് അമ്മ വീണ്ടും മെയിന്‍റനൻസ് ട്രിബ്യൂണലിനെ സമീപിച്ചു. തുടർന്ന് ഇരുവരെയും വിചാരണ ചെയ്‌തപ്പോൾ ഒരു മകൾക്ക് സ്ഥിരവരുമാനമില്ലെന്ന് കണ്ടെത്തിയതിനാൽ ജീവനാംശം നൽകുന്നതിൽ നിന്ന് ഒഴിവാക്കി.
ഗവ. സ്‌കൂൾ അധ്യാപികയായ മകൾ തുക നൽകണമെന്ന് ട്രിബ്യൂണൽ നിർദേശിച്ചു. ഇതിനെതിരെ മകൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഇവരുടെ ഹർജി തള്ളി. ഇതിനിടെ 2021 ഓഗസ്റ്റിൽ മകൾ തുക നൽകുന്നില്ലെന്നാരോപിച്ച് അമ്മ വീണ്ടും ട്രിബ്യൂണലിനെ സമീപിച്ചു. വാദം കേട്ട കോടതി 2016 മുതലുള്ള ജീവനാംശത്തുകയായ 1.26 ലക്ഷം ഡിസംബർ 30നകം നൽകാനും പ്രതിമാസം നൽകേണ്ട 3500 രൂപ ഡിസംബർ മുതൽ ശമ്പളത്തിൽ നിന്ന് ഈടാക്കാനും ഉത്തരവിടുകയായിരുന്നു.
Also read: ത്വലാഖ് ചൊല്ലിയ ഭാര്യക്ക് 31.68 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി
മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും സംരക്ഷണവും ക്ഷേമവും ഉൾപ്പെട്ട 2007ലെ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. നൽകാനുള്ള 1.26 ലക്ഷം രൂപ സമയ പരിധിക്കകം നൽകാത്തപക്ഷം സ്വത്ത് കണ്ടുകെട്ടുമെന്നും ഒറ്റപ്പാലം സബ് കലക്‌ടർ ഡി ധർമലശ്രീയുടെ ഉത്തരവിലുണ്ട്.