പാലക്കാട്: ജില്ല കൊവിഡ് പ്രതിരോധത്തിന്‍റെ ചുമതലയേറ്റ പത്തനംതിട്ട മുൻ ജില്ലാ കലക്‌ടർ പി.ബി. നൂഹ് ഐഎഎസ് മണിക്കൂറുകൾക്കുള്ളിൽ സ്ഥലം മാറ്റം. ചുമതലയേറ്റ് ആദ്യ യോഗം വിളിച്ചു ചേർത്തതിനു തൊട്ടു പിന്നാലെയാണ് സ്ഥലം മാറ്റ ഉത്തരവെത്തിയത്. സംസ്ഥാന അഡീഷണൽ ചീഫ് ഇലക്ടറല്‍ ഓഫീസറായിട്ടാണ് പുതിയ നിയമനം. നൂഹ് സഹകരണ രജിസ്ട്രാറായി ചുമതലയേറ്റതിന് തൊട്ടു പിന്നാലെയാണ് പാലക്കാട്ടേക്ക് പുതിയ ചുമതല നൽകി പറഞ്ഞയച്ചത്. പൊലീസിനെയും സെക്ടറല്‍ മജിസ്ട്രേറ്റുമാരേയും വിവിധ സർക്കാർ വകുപ്പുകളേയും ഏകോപിപ്പിക്കാനുള്ള ചുമതലയായിരുന്നു അദ്ദേഹത്തിന് നൽകിയത്. സർവ്വേ ആൻ്റ് ലാന്‍ഡ് റെക്കോർഡ്‌സ് ഡയറക്‌ടർ ആർ ഗിരിജക്കാണ് കൊവിഡ് ഏകോപനത്തിന്‍റെ ചുമതല പുതിയതായി നൽകിയിരിക്കുന്നത്
പുതുവർഷത്തിൽ പാലക്കാട് ജില്ലാ പൊലീസ് മേധാവിയായ എസ് സുജിത് ദാസ് ഐപിഎസിനെയും സ്ഥലം മാറ്റി. ചുമതല ഏറ്റെടുത്ത് 35 ദിവസങ്ങൾക്ക് ശേഷമാണ് മലപ്പുറം ജില്ലയിലേക്ക് സ്ഥലം മാറ്റം. ജില്ലാ പോലീസ് മേധാവിയെന്ന നിലയിൽ സുജിത് ദാസിനോട് ചില ഭാഗങ്ങളിൽ നിന്നുണ്ടായ അതൃപ്തിയാണ് പെട്ടെന്നുണ്ടായ സ്ഥലംമാറ്റത്തിന് കാരണമെന്ന് സൂചനയുണ്ട്. ചുമതലയേറ്റ് കുറച്ചു ദിവസങ്ങൾക്കുള്ളിൽ പൊലീസ് അസോസിയേഷനുമായി ബന്ധമുള്ള ഒരു ഉദ്യോഗസ്ഥനെതിരെ എസ്‌പി നൽകിയ റിപ്പോർട്ടും സ്ഥാനചലനത്തിന് കാരണമായെന്ന് പറയപ്പെടുന്നു.
പൊലീസ് ഉദ്യോഗസ്ഥരിൽ വലിയൊരു പങ്കിന് ജില്ലാ പോലീസ് മേധാവിയുടെ ഇടപെടലുകളിൽ അസ്വസ്ഥത ഉണ്ടായിരുന്നതായാണ് സൂചന. അതേസമയം കോഴിക്കോട് നിന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവിയായി സുജിത് ദാസിനെ നിയോഗിക്കാനായിരുന്നു തീരുമാനമെന്നും അതിനിടെ താത്കാലികമായി മാത്രമാണ് പാലക്കാടിന്‍റെ ചുമതല നൽകിയതെന്നുമാണ് ഔദ്യോഗിക വിശദീകരണം.