പാലക്കാട് : എസ്‌ഡിപിഐ പ്രവർത്തകൻ സുബൈറിന്‍റേത് രാഷ്ട്രീയ കൊലപാതകമെന്ന് റിമാൻഡ് റിപ്പോർട്ട്. ആർഎസ്എസുകാരായ പ്രതികൾ രാഷ്ട്രീയ വൈരാഗ്യത്തോടെ കൊലപാതകം ആസൂത്രണം ചെയ്‌ത് നടപ്പാക്കിയെന്നാണ് പൊലീസ് കണ്ടെത്തൽ. റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്‍റെ കൊലപാതകത്തിന്‍റെ വൈരാഗ്യമാണ് പ്രതികളെ കൊലപാതകത്തിലേക്ക് നയിച്ചത്.
സഞ്ജിത്തിന്‍റെ അടുത്ത സുഹൃത്തായിരുന്ന എലപ്പുള്ളി വടക്കോട് കള്ളിമുള്ളി സ്വദേശി രമേഷ്(41) കൊലപാതകം ആസൂത്രണം ചെയ്തുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ ഉന്നത തലങ്ങളില്‍ കൊലപാതകം ആസൂത്രണം ചെയ്‌തിട്ടുണ്ടാവുമെന്നാണ് പൊലീസിന്‍റെ അനുമാനം. ഏപ്രില്‍ 15ന് കൊലപാതകം നടക്കുന്നതിന് മുമ്പ് ഏപ്രില്‍ 8, 9 തിയതികളിലും കൊലപാതക ശ്രമം ഉണ്ടായിട്ടുണ്ട്.
ALSO READ: സുബൈറിന്‍റെ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്ത് പൊലീസ്
ഈ സമയങ്ങളിൽ കൂടുതൽ പേർ രമേഷിനൊപ്പം ഉണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. അതിനാൽ 15ന് നടന്ന കൊലപാതകത്തിലും മൂന്ന് പേരിൽ കൂടുതൽ ആളുകൾ ഉണ്ടാകാനുള്ള സാധ്യത പരിശോധിക്കുന്നുണ്ട്. എന്നാല്‍ മറ്റാരുമില്ലെന്നാണ് പ്രതികൾ നൽകിയിരിക്കുന്ന മൊഴി. ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. എലപ്പുള്ളിയിലെ പ്രദേശിക ആർഎസ്എസ്, ബിജെപി നേതാക്കളിലേക്ക് അന്വേഷണം നീങ്ങാനാണ് സാധ്യത.
പ്രതികളായ രമേശ്, ആറുമുഖൻ, ശരവണൻ എന്നിവരുടെ പേരിൽ മുമ്പുള്ള കേസുകള്‍ സംബന്ധിച്ചും അതിലെ കൂട്ടുപ്രതികളെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുമ്പോൾ കൂടുതൽ കാര്യങ്ങൾ അറിയാമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഗൂഢാലോചനയടക്കം തെളിയിക്കേണ്ടതിനാൽ കൂടുതൽ ദിവസം പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെടും.