പാലക്കാട്: വിവാഹത്തിന് രണ്ടുദിവസം മുമ്പ് ആഭരണം വാങ്ങാനും സുഹൃത്തുക്കളെ കാണാനെന്നും പറഞ്ഞ് മുങ്ങിയ പ്രതിശ്രുത വരൻ വിശാഖപട്ടണത്ത് പിടിയിൽ. ഓഗസ്‌റ്റ് 26 മുതലാണ് പുതുനഗരം കരിപ്പോട് കൂനംകുളമ്പ് പ്രിയദർശിനി കോളനിയിൽ സി പ്രതീഷിനെ (31) കാണാതായത്. ഇയാളെ കൊണ്ടുവരുന്നതിനായി പുതുനഗരം പൊലീസ് വിശാഖപട്ടണത്ത് എത്തി.
ഇയാളെ തിരികെ കൊണ്ടുവന്ന ശേഷം തുടർ നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു. ഓഗസ്‌റ്റ് 29 ന് മുതലമട കോട്ടയമ്പലം സ്വദേശിനിയുമായുള്ള വിവാഹം നിശ്‌ചയിച്ചതായിരുന്നു. വരൻ മുങ്ങിയതോടെ വിവാഹവും മുടങ്ങി. കാണാതാകുന്നതിന് തലേന്നുവരെ പ്രതിശ്രുതവധുവുമായി യുവാവ് ഫോണില്‍ സംസാരിച്ചിട്ടുണ്ട്.
സൈബർ സെല്ലിന്‍റെ സഹായത്തോടെ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് പ്രതീഷ് കസ്‌റ്റഡിയിലുണ്ടെന്ന വിവരം വിശാഖപട്ടണം പൊലീസ് കേരള പൊലീസിനെ അറിയിച്ചത്. കഴിഞ്ഞ ആഴ്‌ച പ്രതീഷ് തന്‍റെ സ്‌മാർട്ട് ഫോൺ വിറ്റിരുന്നു.
വാങ്ങിയ ആൾ ഫോൺ ഉപയോഗിക്കാൻ തുടങ്ങിയതോടെ സൈബർ സെൽ ലൊക്കേഷൻ സ്ഥിരീകരിച്ച് പുതുനഗരം പൊലീസിനെ അറിയിച്ചു. പുതിയ ഫോൺ വാങ്ങിയ പ്രതീഷ് പഴയ സിം കാർഡ് തന്നെ ഉപയോഗിച്ചതാണ് അന്വേഷണത്തിന് സഹായകമായത്. ബെംഗളൂരു, ചെന്നൈ, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഓണ്‍ലൈന്‍ ട്രേഡിങ് നടത്തിയിരുന്ന പ്രതീഷിന് ആ നിലയില്‍ പണം നഷ്‌ടമായിട്ടുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.