പാലക്കാട്: മണ്ണാർക്കാട്-ചിന്നതടാകം റോഡിന്‍റെ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനായി പ്രത്യേക സംഘം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ റോഡ് പരിശോധിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. റോഡ് പ്രവൃത്തി വിലയിരുത്തുന്നതിനായി പാലക്കാട് ഗസ്റ്റ് ഹൗസിൽ ചേർന്ന അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മണ്ണാർക്കാട്-ചിന്നതടാകം റോഡുമായി ബന്ധപ്പെട്ട് തുടർച്ചയായ ഇടപെടലുകളാണ് പൊതുമരാമത്ത് വകുപ്പ് നടത്തുന്നത്.
വലിയ മാറ്റം അതിന്‍റെ ഭാഗമായി അട്ടപ്പാടി റോഡുകളിൽ ഉണ്ടായിട്ടുണ്ട്. റോഡിന്‍റെ പ്രവൃത്തി സമയബദ്ധിതമായി തീർക്കുന്നതിന് ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും നിശ്ചയിച്ചിട്ടുള്ള പ്രവൃത്തി ഫീൽഡിൽ ഇറങ്ങി തുടർച്ചയായി പരിശോധിച്ചാൽ റോഡിൽ മാറ്റങ്ങൾ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. പാച്ച് വർക്കും മറ്റു പ്രവൃത്തികളും ടൈം ലൈൻ വച്ച് ചെയ്യാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും അതിൽ തടസങ്ങൾ ഉണ്ടെങ്കിൽ അറിയിക്കണമെന്നും മന്ത്രി യോഗത്തിൽ പറഞ്ഞു.
മണ്ണാർക്കാട്-ചിന്നതടാകം റോഡിന്‍റെ രണ്ടാംഘട്ട പ്രവൃത്തിയിൽ ഉൾപ്പെടുന്ന ആനമൂളി മുതൽ മുക്കാലി വരെയുള്ള റോഡിലെ കുഴിയടക്കലും ടാറിങ്ങും ഒമ്പതാം വളവിൽ ബിറ്റുമിനസ് പ്രതലം മാറ്റി ഇന്‍റർലോക്ക് ഇടുന്ന പ്രവൃത്തികളും ഡിസംബർ 31 ന് പൂർത്തിയാക്കുമെന്ന് ഉദ്യോഗസ്ഥർ മന്ത്രിക്ക് യോഗത്തിൽ ഉറപ്പ് നൽകി. ഡിസംബർ 26 മുതൽ 31 വരെ മണ്ണാർക്കാട്-ചിന്നതടാകം റോഡിൽ ഗതാഗത നിരോധനം ഏർപ്പെടുത്തിയാണ് പണികൾ പൂർത്തിയാക്കുക.
ഒന്നാം ഘട്ടത്തിൽ മണ്ണാർക്കാട് നെല്ലിപ്പുഴ മുതൽ ആനമൂളി വരെയുള്ള 8 കിലോമീറ്റർ ദൈർഘ്യമുളള റോഡിന്‍റെ പുനരുദ്ധാരണ പ്രവൃത്തി ഇന്ന് പൂർത്തിയാക്കുമെന്നും മൂന്നാം ഘട്ടത്തിലുള്ള മുക്കാലി മുതൽ ആനക്കട്ടി വരെയുള്ള റോഡ് സാമ്പത്തിക അനുമതിക്കായി കിഫ്ബിയിൽ സമർപ്പിച്ചതായും ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. ജില്ല കലക്‌ടർ മൃൺമയി ജോഷി, കെ ആർ എഫ് ബി പ്രൊജക്‌ട് ഡയറക്‌ടർ ഡാർലിൻ കാർമലിറ്റ ഡിക്രൂസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.