പാലക്കാട്: മലബാർ മേഖലയിലെ അങ്കണവാടി കുട്ടികൾക്ക് പാൽ വിതരണം ചെയ്യുന്നതിന് മിൽമ രംഗത്ത്. ആഴ്‌ചയിൽ ഒരു ദിവസം ഓരോ കുട്ടിക്കും 180 മില്ലി ലിറ്റർ വീതം പാൽ നൽകാനാണ് തീരുമാനം. കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ അങ്കണവാടികൾ വഴി അമൃതം പൊടി ,ന്യൂട്രീബാർ മിഠായി എന്നിവ വിതരണം ചെയ്യുന്നത് കൂടാതെയാണ് ഇപ്പോൾ പാൽ നൽകാനും തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാന സർക്കാരിന്‍റെ സമ്പുഷ്‌ട്ട കേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വനിതാ ശിശു വികസന വകുപ്പും മിൽമ മലബാർ മേഖലാ യൂണിറ്റും ചേർന്ന് പാൽ വിതരണം ചെയ്യുക. പാലക്കാടിന് പുറമേ കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം, കാസർകോട് ജില്ലകളിലാണ് ഇത് ആദ്യം നടപ്പിലാക്കുക. പിന്നീട് മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കും. പാൽ വില സംസ്ഥാന സർക്കാർ മിൽമയ്ക്ക് നൽകും. പാലക്കാട് ജില്ലയിൽ 30796 കുട്ടികളാണ് അങ്കണവാടികളിൽ പഠിക്കുന്നത്.