പാലക്കാട്: നിളാ തീരത്ത് വിരുന്നെത്തിയ ദേശാടനക്കിളികളെ തേടി ഒരു കൂട്ടം പക്ഷി നിരീക്ഷകർ. പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ള 45 പേരാണ് കേരള വനം-വന്യജീവി വകുപ്പിൻ്റെ സാമൂഹിക വനവത്കരണ വിഭാഗത്തിൻ്റെ ഭാഗമായി പട്ടാമ്പി ഭാരതപുഴയോരത്ത് ഒത്തുകൂടിയത്. പട്ടാമ്പി ഭാരതപുഴ കേന്ദ്രീകരിച്ച് ആദ്യമായാണ് സർക്കാർ സഹായത്തോടെ പക്ഷി സർവെ നടക്കുന്നത്. അറുപതിലേറെ പക്ഷിവർഗങ്ങളെ കാമറകളിൽ പകർത്താനായെന്ന് നിരീക്ഷകർ പറയുന്നു.
വേനൽകാലങ്ങളിൽ പുഴയിലെ കുറ്റികാടുകൾ തീയിട്ട് നശിപ്പിക്കുന്നതിലൂടെ പക്ഷികളുടെ ആവാസ കേന്ദ്രത്തെയാണ് ഇല്ലാതാക്കുന്നതെന്ന് നിരീക്ഷക സംഘം വിലയിരുത്തി. ആവാസ കേന്ദ്രങ്ങൾ സംരക്ഷിക്കേണ്ട ആവശ്യകത അനിവാര്യമാണെന്നും സർവെയിൽ പങ്കെടുത്ത അംഗങ്ങൾ അഭിപ്രായപ്പെട്ടു. നിരീക്ഷകർ പകർത്തിയ ചിത്രങ്ങൾ സാമൂഹിക വനവത്കരണ വിഭാഗത്തിൻ്റെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യും. സർവെയിൽ കണ്ടെത്തിയ വിവരങ്ങളും ഫോട്ടോയുടെ ഒപ്പം ചേർക്കും.
മഴ കുറഞ്ഞ സമയമായതിനാൽ പുഴയിൽ പക്ഷികളെ കൂടുതൽ കണ്ടെത്താനായില്ലെന്നാണ് സർവെയുടെ വിലയിരുത്തൽ. തൃശൂർ ഫോറസ്ട്രി കോളജ്, പട്ടാമ്പി ഗവണ്‍മെന്‍റ് സംസ്‌കൃത കോളജ് എൻ.എസ്.എസ് അംഗങ്ങൾ, പ്രശസ്‌ത പക്ഷി നീരിക്ഷകർ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവരുടെ സഹകരണത്തോടെയായിരുന്നു സർവെ നടത്തിയത്. പുഴയെ നാല് ബ്ലോക്കുകളാക്കി തിരിച്ചായിരുന്നു സർവെ നടത്തിയത്.