പാലക്കാട്: പാലക്കാട് വൻ മയക്ക് മരുന്ന് വേട്ട. കാറിൽ കടത്താൻ ശ്രമിച്ച 23 കിലോ ഹാഷിഷ് ഓയിലാണ് പിടികൂടിയത്. ഇടുക്കി പാറത്തോട് സ്വദേശി അനൂപ് ജോർജ് പിടിയിലായി. സംഘത്തിലുണ്ടായിരുന്ന മൂന്ന് പേർ ഓടി രക്ഷപെട്ടു. എ പി 31ബി ഡി 6068 എന്ന മാരുതി ഓൾട്ടോ കാറിന്റെ ഡോർ പാനലുകളിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. അന്താരാഷ്ട്ര വിപണിയിൽ 23 കോടി രൂപ വിലമതിക്കുന്ന ഹാഷിഷാണ് പിടികൂടിയത്.
സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പാലക്കാട് പൊള്ളാച്ചി റോഡിൽ നോമ്പിക്കോട് എന്ന സ്ഥലത്ത് വച്ച് രാത്രി 12നാണ് അനൂപ് ജോർജിനെ പിടികൂടിയത്. സ്റ്റേറ്റ് എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡിന്റെ ചുമതലയുള്ള സർക്കിൾ ഇൻസ്‌പെക്ടർ ടി അനികുമാർ, സ്‌ക്വാഡ് അംഗങ്ങൾ ആയ സർക്കിൾ ഇൻസ്‌പെക്ടർ പി കെ സതീഷ്, ഇൻസ്‌പെക്ടർ മാരായ കെ വി വിനോദ്, എം സജീവ് കുമാർ, അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ടി ആർ മുകേഷ് കുമാർ, ഷൗക്കത് അലി, പിഒ സി സെന്തിൽകുമാർ , സിഇഒ മാരായ എ ജസീം, പി സുബിൻ, ടി എസ് അനിൽകുമാർ, എസ് രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് ഹാഷിഷ് പിടികൂടിയത്.