പാലക്കാട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പട്ടാമ്പി ജനമൈത്രി പൊലീസും പൂർവവിദ്യാർഥി സംഘടനയായ ഓർമപൂക്കളും ചേർന്ന് ചുക്കാൻ പിടിച്ചപ്പോൾ 'മാസ്‌ക് ഓൺ റോഡ്' യാഥാർഥ്യമായി. പൊതുജനങ്ങൾക്ക് സൗജന്യമായി മാസ്‌ക് വിതരണം ചെയ്യുന്ന പദ്ധതിയാണ് മാസ്‌ക് ഓൺ റോഡ്. ഇതിനുവേണ്ടി പെരുമുടിയൂർ എച്ച്.എസ്.എസിലെ 'ഓർമപൂക്കൾ' എന്ന പൂർവവിദ്യാർഥി സംഘടനയാണ് പട്ടാമ്പി പൊലീസിന് മാസ്‌കുകൾ കൈമാറിയത്.
1988-89 ബാച്ചിലെ എസ്.എസ്.എൽ.സി വിദ്യാർഥികളാണ് ഓർമപൂക്കളുടെ അംഗങ്ങൾ. ഇവരിൽ നിന്നും സി.ഐ വിജയകുമാർ മാസ്‌കുകൾ ഏറ്റുവാങ്ങി മാസ്‌ക് ഓൺ റോഡ് പദ്ധതിയിലൂടെ നിരത്തിരിറങ്ങുന്നവർക്ക് വിതരണം ചെയ്യുകയും ചെയ്‌തു. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലൂടെ പൊലീസ് സഞ്ചരിച്ച് അവശ്യവസ്തുക്കളുടെ വിതരണ സ്ഥാപനങ്ങളിൽ നേരിട്ടെത്തിയാണ് മാസ്‌ക് വിതരണം നടത്തിയത്.