പാലക്കാട്: ചന്ദ്രനഗറിലെ മരുത റോഡ് സഹകരണ ബാങ്ക് കുത്തിത്തുറന്ന് ഏഴര കിലോഗ്രാം സ്വർണവും പണവും കവർച്ച നടത്തിയ സംഭവത്തിൽ പ്രതി പിടിയിലായി. മഹാരാഷ്ട്രയിലെ നാസിക് സ്വദേശി പരേഷ് അശോക് അംബുർലി എന്ന നിഖിൽ അശോക് ജോഷിയെ(51) ആണ് പാലക്കാട് കസബ പൊലീസ് അറസ്റ്റു ചെയ്തത്.
Also Read: ചങ്ങനാശ്ശേരിയില്‍ രണ്ട് ജ്വല്ലറികളില്‍ കവര്‍ച്ച; പൊലീസ് അന്വേഷണം ആരംഭിച്ചു
കഴിഞ്ഞ മാസം ജൂലൈ 26ന് തിങ്കളാഴ്‌ച രാവിലെ ബാങ്ക് തുറക്കാനെത്തിയ ജീവനക്കാരാണ് കവർച്ച നടന്നെന്ന് മനസിലാക്കിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൂന്നു ദിവസത്തെ അവധിക്കുശേഷമായിരുന്നു ജൂലൈ 26ന് ബാങ്ക് തുറന്നത്.
വൈദ്യുതി ബന്ധം വിഛേദിച്ച ശേഷം ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഡ്രില്ലറും, ഹൈഡ്രോളിക് കട്ടറും ഉപയോഗിച്ചാണ് പ്രതി ബാങ്ക് ലോക്കർ തകർത്തത്. ബാങ്കിലെ അലാറവും, CCTV യും പ്രതി നശിപ്പിച്ച പ്രതി കവർച്ചക്കു ശേഷം സിസിടിവിയുടെ ഡിവിആറും കൈക്കലാക്കിയിരുന്നു.
വളരെ ആസൂത്രിതമായി നടത്തിയ കവർച്ച അന്വേഷണത്തിൻ്റെ പ്രാരംഭ ഘട്ടത്തിൽ പൊലീസിനെ വലച്ചു. തുടർന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് ഐപിഎസിന്‍റെ നേതൃത്വത്തിൽ പാലക്കാട് ഡാൻസാഫ് സ്ക്വാഡ് ഉൾപ്പെടെ 20 അംഗ അന്വേഷണ സംഘത്തിന് രൂപം നൽകിയിരുന്നു.
പ്രദേശത്തെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസിന് വഴിത്തിരിവായത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി സംഭവത്തിനു ശേഷം കാറിൽ കേരളത്തിൽ നിന്നും മഹാരാഷ്ട്രയിലേക്ക് കടന്നതായി കണ്ടെത്തി. മഹാരാഷ്ട്രയിലെ സത്താറയിലുള്ള ഒരു ആഡംബര ഹോട്ടലിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. പ്രതി സഞ്ചരിച്ച ഇന്നോവ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതി മോഷ്ടിച്ച സ്വർണം സത്താറയിൽ വില്പന നടത്തിയതായി പൊലീസിനെ അറിയിച്ചു.
ഇയാളെ ശനിയാഴ്‌ച കോടതിയിൽ ഹാജരാക്കും. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി മോഷണ മുതലുകൾ വീണ്ടെടുക്കാൻ അന്വേഷണ സംഘം വീണ്ടും മഹാരാഷ്ട്രയിലേക്ക് പോകും.