പാലക്കാട്: അട്ടപ്പാടിയിലെ ഏറ്റുമുട്ടലിൽ സർക്കാറിനെതിരെ മാവോയിസ്റ്റ് ലഘുലേഖ . മാവോയിസ്റ്റ് വേട്ടക്കെതിരെ ബഹുജന പ്രക്ഷോഭം ഉയർന്നു വരണമെന്നാണ് ലഘുലേഖയിൽ ആഹ്വാനം ചെയ്യുന്നത്. സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട മേഖലാ കമ്മിറ്റിയുടെ പേരിലാണ് ലഘുലേഖ പുറത്തിറങ്ങിയത്. ജനാധിപത്യ ധാർമിക മൂല്യങ്ങളെ വെല്ലുവിളിക്കുകയാണ് പിണറായി വിജയൻ ചെയ്യുന്നതെന്നും വാളയാർ പെൺകുട്ടികളുടെ കൊലയാളികൾക്ക് രക്ഷപ്പെടാൻ സർക്കാർ അവസരമൊരുക്കിയെന്നും ലഘുലേഖയില്‍ കുറ്റപ്പെടുത്തുന്നു.
മരിച്ചവരുടെ പേരുകള്‍ സ്ഥിരീകരിക്കുന്ന ലഘുലേഖയില്‍ മരിച്ചവർക്ക് അഭിവാദ്യവും അർപ്പിക്കുന്നുണ്ട്. മാവോയിസ്റ്റ് വേട്ടയിൽ സിപിഎം, ബിജെപി പാർട്ടികൾ ഒരേ തൂവൽ പക്ഷികളാണെന്ന് ലഘുലേഖയില്‍ ആരോപിക്കുന്നു. സിപിഐ, സിപിഎം തിരുത്തൽ വാദി പാർട്ടികളുടെ നയമല്ല ഇതെങ്കിൽ പിണറായി വിജയൻ്റെ നയമാണോ ഇതെന്ന് വ്യക്തമാക്കണമെന്നും ലഘുലേഖയിൽ പറയുന്നു. വിപ്ലവകാരികളുടെ സ്വപ്ന സാക്ഷ്കാരത്തിനായുള്ള പോരാട്ടം തുടരുമെന്നും ലഘുലേഖയിൽ പറയുന്നുണ്ട്.