പാലക്കാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടികള്‍ക്ക് മുന്നില്‍ അശ്ലീല പ്രദര്‍ശനം നടത്തിയതില്‍ വിവിധ വകുപ്പുകള്‍ പ്രകാരം പ്രതിക്ക് മൂന്ന് വർഷം തടവും 20,000 രൂപ പിഴയും ശിക്ഷ. അകത്തേത്തറ റെയിൽവേ ക്വാർട്ടേഴ്‌സിൽ സുബ്രഹ്മണ്യനെയാണ് (62) കോടതി ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കി. പിഴ അടയ്‌ക്കുന്ന തുക പെൺകുട്ടികൾക്ക് നൽകണമെന്നും കോടതി നിർദേശിച്ചു.
ALSO READ: തൃശൂരില്‍ സഞ്ചിയില്‍ പൊതിഞ്ഞ് നവജാതശിശുവിന്‍റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി
2019 ഏപ്രിൽ 17നായിരുന്നു സംഭവം. 11 വയസുള്ള വിദ്യാർഥികൾക്കുമുന്നിൽ സുബ്രഹ്മണ്യൻ നഗ്നത പ്രദർശിപ്പിച്ചെന്നാണ് ഹേമാംബിക നഗർ സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത കേസ്. പാലക്കാട് ഫാസ്‌റ്റ് ട്രാക് സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്‌ജി ജി. രാജേഷ് വിധി പറഞ്ഞ കേസിൽ പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ടി. ശോഭന ഹാജരായി.
ഹേമാംബിക നഗർ സബ് ഇൻസ്‌പെക്ടർമാരായ ഇ.എസ് ഡെൻമി, പി.എൻ രാജേന്ദ്രൻ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.