പാലക്കാട്: വടക്കഞ്ചേരി പുതുക്കോട് തച്ചനടിയിൽ കുടുംബവഴക്കിനിടെ ബന്ധുക്കളുടെ മർദനമേറ്റ യുവാവ് മരിച്ചു. തച്ചനടി പഞ്ചായത്ത് ഗ്രൗണ്ടിനു സമീപം താമസിക്കുന്ന അബ്ബാസ് (40) ആണ് മരിച്ചത്. മരണവുമായി ബന്ധപ്പെട്ട് അബ്ബാസിന്‍റെ ഭാര്യയുടെ മാതൃസഹോദരിയുടെ മക്കളായ ജാഫർ സാദിഖ് (25), മുഹമ്മദ് ഷാരിഖ് (21) എന്നിവരെ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്‌ച രാത്രി എട്ടോടെയാണ് സംഭവം. പൊള്ളാച്ചി ആനമല സ്വദേശിയായ അബ്ബാസ് കഴിഞ്ഞ ഏഴു വർഷത്തോളമായി തച്ചനടിയിലെ ഭാര്യാവീട്ടിലാണ് താമസം. സ്ഥിരമായി വീട്ടിൽ വഴക്കുണ്ടാക്കാറുള്ള അബ്ബാസ് വെള്ളിയാഴ്ചയും വഴക്കുണ്ടാക്കി. തുടർന്നുണ്ടായ സംഘർഷത്തിലാണ് ബന്ധുക്കളുടെ മർദനമേറ്റ് മരിച്ചത്.
കല്ല്, ഗ്യാസ്‌കുറ്റി എന്നിവ കൊണ്ട് തലയ്‌ക്ക് ഗുരുതര പരിക്കേറ്റ അബ്ബാസിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്‌ച രാവിലെ ആറരയോടെ മരിച്ചു.
ALSO READ: മുംബൈയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു: 2 പേർ അറസ്റ്റിൽ
ആലത്തൂർ ഡിവൈഎസ്‌പി കെ.എം ദേവസ്യ, സിഐ എം. മഹേന്ദ്രസിംഹൻ, ഫോറൻസിക്, വിരലടയാള വിദഗ്‌ധൻ എന്നിവര്‍ സംഭവസ്ഥലം സന്ദർശിച്ചു. തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലുള്ള മൃതദേഹം ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി. ഞായറാഴ്‌ച പോസ്റ്റ്‌മോർട്ടത്തിനുശേഷം സംസ്‌കരിക്കും. അബ്ബാസിന്‍റെ ഭാര്യ: ഐഷ, മക്കൾ: അസ്‌ന, മുഹമ്മദ് അസ്‌ലം, മുഹമ്മദ് അൻസിൽ.