പാലക്കാട് : നിരോധനാജ്ഞ ലംഘിച്ച് പട്ടാമ്പിയിലും അതിഥി തൊഴിലാളികൾ സംഘടിച്ചു. ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്നും നാട്ടിലേക്ക് തിരിച്ചു പോകണമെന്നും ആവശ്യപ്പെട്ടാണ് തൊഴിലാളികൾ റോഡിൽ തടിച്ചുകൂടിയത്. ഡൽഹിയിലും കോട്ടയം പായിപ്പാടും അതിഥി തൊഴിലാളികൾ സംഘടിച്ച വാർത്ത പരന്നതോടെയാണ് പട്ടാമ്പിയിലും തൊഴിലാളികൾ കൂട്ടത്തോടെ റോഡിലിറങ്ങിയത്. നിരോധനാജ്ഞ ലംഘിച്ചതറിഞ്ഞ് മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ, സബ്‌കലക്‌ടർ അർജുൻ പാണ്ഡ്യ, ജില്ലാ ലേബർ ഓഫീസർ രാമകൃഷ്‌ണൻ എന്നിവർ സ്ഥലത്തെത്തി. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കോർട്ടേഴ്‌സുകളിൽ എത്തിയ എം.എൽ.എയും അധികാരികളും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഭക്ഷണം ലഭിക്കാത്ത ബുദ്ധിമുട്ട് തൊഴിലാളികൾക്ക് ഉണ്ടാവാതിരിക്കാൻ വേണ്ട നടപടി സ്വീകരിച്ചതായി മുഹമ്മദ് മുഹ്‌സിൻ പറഞ്ഞു.
ഇന്ന് വൈകിട്ടത്തെ ഭക്ഷണം ലഭ്യമാക്കി. തുടർന്നുള്ള ദിവസങ്ങളിൽ ഇവർക്ക് ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യം ഒരുക്കാനും ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ സപ്ലൈകൊ വഴി ലഭ്യമാക്കാനും തീരുമാനമായി. 1800ഓളം അതിഥി തൊഴിലാളികളാണ് പട്ടാമ്പി നഗരത്തിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നത്. സംസ്ഥാന അതിർത്തികൾ അടച്ചതോടെ ഇവർക്ക് തിരിച്ചുപോകാൻ കഴിയാതെ പട്ടാമ്പിയിൽ കുടുങ്ങുകയായിരുന്നു. ഇനിയും ആളുകൾ കൂട്ടംകൂടാൻ സാധ്യതയുള്ളതിനാൽ സബ് കലക്‌ടറുടെ നിർദേശപ്രകാരം ഒരു ബറ്റാലിയൻ പൊലീസ് സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.