പാലക്കാട് : കുതിരാനിലെ രണ്ടാം തുരങ്കം ഗതാഗതത്തിന് സജ്ജമെന്ന് കരാർ കമ്പനി. രണ്ടാം തുരങ്കത്തിലൂടെ താൽകാലികമായി വാഹനം കടത്തിവിടാൻ കഴിയുമെന്ന് കാണിച്ച് കരാർ കമ്പനി അധികൃതർ ദേശീയപാത അതോറിറ്റിക്ക് കത്ത് നൽകി. തൃശൂർ കലക്‌ടറുടെ സാങ്കേതിക അനുമതി കൂടി ലഭിച്ചാൽ രണ്ടാം തുരങ്കത്തിലൂടെ വാഹനങ്ങൾ കടത്തി വിടും.
നിലവിൽ ഇടത് തുരങ്കത്തിലൂടെയാണ് ഇരുവശത്തേക്കും വാഹനങ്ങൾ പോകുന്നത്. തൃശൂരിൽ നിന്ന് പാലക്കാട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ തുരങ്കത്തിന് മുന്നിലെ റോഡിൽ നിന്ന് തിരിഞ്ഞ് രണ്ടാം തുരങ്കത്തിലേക്ക് പ്രവേശിക്കാനാണ് ഇതോടെ വഴിയൊരുങ്ങുക. അടുത്ത ദിവസങ്ങളിൽ ഗതാഗത ക്രമീകരണമേര്‍പ്പെടുത്തിയേക്കും.
രണ്ടാം തുരങ്കത്തിനുള്ളിലെ വൈദ്യുതീകരണമുൾപ്പെടെ എല്ലാ പ്രവൃത്തിയും പൂർത്തിയായി. തുരങ്കത്തിന്‍റെ അകത്ത് പൂർണമായി കോൺക്രീറ്റ് ചെയ്‌തു. അഴുക്കുചാൽ, ക്യാമറ, എക്‌സോസ്‌റ്റ് ഫാൻ, പ്രവേശന കവാടം എന്നിവയും ഒരുക്കി.
രണ്ടാം തുരങ്കത്തിലേക്ക് പ്രവേശിക്കുന്ന റോഡിന്‍റെ പണി പുരോഗമിക്കുകയാണ്. കുതിരാൻ പാത പൊളിച്ച സ്ഥലത്തെ കല്ല് പൊട്ടിക്കുന്നുണ്ട്. രണ്ടാം തുരങ്കം ഗതാഗതത്തിന് തുറന്നുകൊടുത്ത് പന്നിയങ്കരയിൽ ടോൾ പിരിക്കാനുള്ള നീക്കത്തിലാണ് കരാർ കമ്പനി.