പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ അവധി ദിവസം മുൻ ജീവനക്കാരൻ കയറി രേഖകൾ പരിശോധിച്ചതായി പരാതി. ആശുപത്രി സൂപ്രണ്ട് ഡോ. മുഹമ്മദ് അബ്‌ദുറഹ്മാൻ യു.ടി ആണ് പരാതിയുമായി രംഗത്തെത്തിയത്.
ആരോപണം ഇങ്ങനെ
മുൻ ജീവനക്കാരൻ നന്ദകുമാർ, നിലവിലുള്ള ജീവനക്കാരൻ നിജാമുദ്ദീൻ എന്നിവർ ചേർന്ന് ഞായറാഴ്‌ച ആശുപത്രി ഓഫിസ് തുറന്ന് അകത്തുകയറി. ഇത് ശ്രദ്ധയിൽപ്പെട്ട മറ്റ് ജീവനക്കാർ ബഹളം വച്ചു. ഇതോടെ ഇവർ ഓഫിസ് അടച്ച് പുറത്തിറങ്ങുകയായിരുന്നു. തുടർന്ന് ജീവനക്കാർ സൂപ്രണ്ടിനെ വിവരമറിയിച്ചു.
ആശുപത്രിയിൽ നിന്നും രാജിവച്ചു പോയ ജീവനക്കാരൻ അനുമതിയില്ലാതെ ഓഫിസിൽ കയറി രേഖകൾ പരിശോധിച്ചതിൽ പൊലീസിൽ പരാതി നൽകുമെന്ന് സൂപ്രണ്ട് മുഹമ്മദ് അബ്‌ദുറഹ്മാൻ അറിയിച്ചു. ആശുപത്രിക്കെതിരെ വിജിലൻസ് അന്വേഷണവും വകുപ്പ് തല അന്വേഷണവും പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ ഓഫിസ് തുറന്നു രേഖകൾ പരിശോധിച്ചത് ഗുരുതര വീഴ്‌ചയാണെന്നും ഇപ്പോഴത്തെ ഓഫിസ് ജീവനക്കാരനോട് വിശദീകരണം തേടുമെന്നും സൂപ്രണ്ട് കൂട്ടിച്ചേർത്തു.
അതേസമയം, താൻ മുമ്പ് കൈകാര്യം ചെയ്‌ത ഫയലുകളിലെ കാര്യങ്ങൾ വിശദീകരിക്കാനായി ഇപ്പോഴത്തെ ഓഫിസ് ജീവനക്കാരൻ നിജാമുദ്ദീൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് താൻ പോയതെന്നാണ് നന്ദകുമാറിന്‍റെ വിശദീകരണം.
കുറേ ദിവസമായി തന്നോട് അവിടേക്ക് വരാൻ നിജാമുദ്ദീൻ ആവശ്യപ്പെട്ടെങ്കിലും തിങ്കൾ മുതൽ ശനി വരെ ക്ലാസുള്ളതിനാൽ സാധിച്ചില്ല. ആകെ കിട്ടിയ ഞായറാഴ്‌ച ഒഴിവു ദിനത്തിൽ അവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് ഓഫിസിൽ പോയത്.
രേഖകൾ ചോർന്നു എന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നും ഇപ്പോഴത്തെ ഓഫിസ് ജീവനക്കാരൻ നിജാമുദ്ദീൻ ഓഫിസിൽ തന്നെ ആ സമയം തന്നോട് കൂടെ ഉണ്ടായിരുന്നെന്നും നന്ദകുമാർ പറഞ്ഞു.
Also Read: ഡോക്‌ടർമാർക്കെതിരെ കേസെടുത്ത് പൊലീസ് ; പ്രതിഷേധം കടുപ്പിച്ച് സമരക്കാര്‍