അന്യ സംസ്ഥാനങ്ങളിൽ നിന്ന് ലഹരി വസ്തുക്കൾ കേരളത്തിലേക്ക് എത്തുന്നതിന്‍റെ പ്രധാന കവാടമായി പാലക്കാട്. രണ്ട് മാസത്തിനിടെ ഏറ്റവും കൂടുതൽ കേസുകൾ എക്സൈസ് രജിസ്റ്റർ ചെയ്തതും പാലക്കാട് ജില്ലയിലാണ്. ഈ വർഷം ഇതുവരെ 91 കേസുകളാണ് എക്സൈസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളാണ് പാലക്കാട് വഴി കേരളത്തിലേക്ക് എത്തുന്നത്.
വാളയാർ, ഗോപാലപുരം, ഗോവിന്ദപുരം എന്നിവിടങ്ങളിലൂടെയാണ് ലഹരി വസ്തുക്കൾ പ്രധാനമായും കേരളത്തിലേക്ക് എത്തുന്നത്. ഒഡീഷയിലും ആന്ധ്രയിലും കൃഷി ചെയ്തുണ്ടാക്കുന്ന ലഹരിവസ്തുക്കൾ തമിഴ് നാട്ടിലെത്തിച്ചു പാലക്കാട് വഴി കേരളത്തിന്‍റെ മറ്റ് ജില്ലകളിലേക്ക് കടത്തുന്നു. കഴിഞ്ഞ രണ്ടാഴ്ച്ചയായി പാലക്കാട് മണ്ണാർക്കാട്, കൊല്ലംകോട്, ഷോർണൂർ നഗരങ്ങൾ കേന്ദ്രീകരിച്ച് ലഹരി വേട്ട വ്യാപകമാണ്.
ഈ മാസം അഞ്ചിന് അട്ടപ്പാടി ഉൾവനത്തിൽ നിന്ന് 408 കഞ്ചാവ് ചെടികളാണ് അധികൃതർ വെട്ടിനശിപ്പിച്ചത്. ഈ വർഷം ഇതുവരെ ജില്ലയിൽ നിന്നു മാത്രം 77. 62 കിലോ കഞ്ചാവ്, 877 നിരോധിത ലഹരി ഗുളികകൾ, 516 കിലോ ഹാൻസ് എന്നിവ പരിശോധനയിൽ പിടിക്കപ്പെട്ടിട്ടുണ്ട്.
സ്കൂൾ-കോളജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് ലഹരിവസ്തുക്കൾ എത്തിക്കുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. എക്സൈസ് വകുപ്പിന്‍റെ സ്പെഷ്യൽ സ്ക്വാഡ് ലഹരി വേട്ടക്കായി ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. ലഹരി വസ്തുക്കളുടെ കടത്ത് കൂടുതലയതോടെ നിലവിൽ രാത്രികാല പരിശോധന ഉൾപ്പെടെ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.
ജില്ലയിൽ നിന്ന് പിടികൂടുന്ന ലഹരി വസ്തുക്കൾ കോടതിയിൽ ഹാജരാക്കി സാമ്പിൾ എടുത്തശേഷം കോഴിക്കോടുള്ള എ.ആർ ക്യാമ്പിൽ സൂക്ഷിച്ച് പരിശോധനക്കുശേഷം മജിസ്ട്രേറ്റിന്റെ സർട്ടിഫിക്കറ്റ് ലഭിച്ചാലുടൻ കത്തിച്ചു നശിപ്പിക്കുകയാണ് ചെയ്യുന്നത്.