പാലക്കാട്: യുക്രൈനിലെ വെടിയൊച്ചകൾക്കിടയിൽനിന്നും ആശ്വാസതീരത്തെത്തിയ സന്തോഷത്തിലാണ് പെരുവെമ്പ് കിഴക്കേത്തറ എമ്പനത്ത് വിനോദ്‌കുമാർ-ദീപ ദമ്പതികളുടെ മകൾ കാർത്തിക. ബുക്കോവീനിയൻ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിനിയായ കാർത്തിക ഞായറാഴ്‌ച വൈകിട്ടാണ് വീട്ടിലേക്ക് മടങ്ങിയെത്തിയത്. യുദ്ധമുഖത്ത് നിന്നും രക്ഷപെട്ടതിന്‍റെ ആശ്വാസത്തിലും ആഹ്ളാദത്തിലുമാണ് കാർത്തിക.
എങ്കിലും യുക്രൈനിന്‍റെ വിവിധ ഭാഗങ്ങളിൽ കൂട്ടുകാരുൾപ്പെടെ നിരവധി മലയാളി വിദ്യാർഥികൾ കുടുങ്ങിക്കിടപ്പുണ്ട്. ഇവരേയും നാട്ടിലെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ദിവസം തോറും കീവിലേതുൾപ്പെടെ സ്ഥിതിഗതികൾ വഷളായി വരികയാണെന്നും കാർത്തിക പറയുന്നു. റൊമേനിയൻ അതിർത്തി വഴിയാണ് കാർത്തിക ഇന്ത്യയിലെത്തിയത്. യൂണിവേഴ്‌സിറ്റിയിൽ നിന്നും രണ്ട് മണിക്കൂർ ബസ് യാത്ര ചെയ്‌താണ് അതിർത്തിയിലെത്തിയത്.
ഇന്ത്യൻ എംബസിയിൽ നിന്നും നൽകിയ നിർദ്ദേശം പൂർണമായും പാലിച്ചിരുന്നു. സഹപാഠികളായ 30 വിദ്യാർഥികളോടൊത്താണ് നാട്ടിലെത്തിയത്. മുംബൈയിൽ എത്തിയ ശേഷം സംസ്ഥാന സർക്കാരിന്‍റെ നേതൃത്വത്തിൽ സൗജന്യമായി നെടുമ്പാശേരിയിലേക്ക് വിമാനം വഴിയെത്തി.
തന്‍റെ യൂണിവേഴ്‌സിറ്റിയിൽ 1500ലേറെ ഇന്ത്യൻ വിദ്യാർഥികൾ പഠിക്കുന്നുണ്ട്. വ്യാഴാഴ്‌ച യുദ്ധം ആരംഭിച്ചത് മുതൽ ഭക്ഷണം, വെള്ളം എന്നിവയുടെ ലഭ്യത കുറഞ്ഞേക്കാമെന്നും എടിഎം സേവനം തടസപ്പെടും എന്ന് മുന്നറിയിപ്പ് ലഭിച്ചു. അന്നുതന്നെ എംബസിയിൽ നിന്നും വിവരം ലഭിച്ചതിനാൽ എത്രയും വേഗം യുക്രൈനിൽ നിന്നും പുറപ്പെടാനായെന്നും ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് മലയാളി വിദ്യാർഥികളുൾപ്പെടെ ആയിരക്കണക്കിനു പേർ അതിർത്തിയിൽ കുടുങ്ങിയിരിക്കുകയാണെന്നും കാർത്തിക പറയുന്നു.
യുദ്ധമുണ്ടാകുമെന്ന് കരുതിയില്ലെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം എത്രയും വേഗം പരിഹരിക്കപ്പെടുമെന്ന പ്രത്യാശയും ഈ വിദ്യാർഥിനി പങ്ക് വെച്ചു. മകളെ തിരിച്ചെത്തിക്കാൻ പൂർണ പിന്തുണ നൽകിയ സംസ്ഥാന സർക്കാരിൻ്റെ ഇടപെടലിന് നന്ദി പറയുന്നുവെന്ന് കാർത്തികയുടെ അച്ഛൻ വിനോദ്‌കുമാർ പറഞ്ഞു.
Also Read: യുക്രൈനിലെ ഇന്ത്യൻ എംബസി നിഷ്ക്രിയമെന്ന് കൊല്ലപ്പെട്ട നവീനിന്‍റെ അച്ഛൻ