പാലക്കാട്: സംസ്ഥാനത്തിന്‍റെ ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് നിറം പകർന്ന കഞ്ചിക്കോട് ഐഐടിയിലെ ആദ്യ ബാച്ച് വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ് ശനിയാഴ്ച നടക്കും. 2015 ലാണ് കഞ്ചിക്കോട് ഐഐടി പ്രവർത്തനം ആരംഭിച്ചത്. ആദ്യ ബാച്ചിൽ പ്രവേശനം നേടിയ 104 വിദ്യാർഥികളിൽ 101 പേരും ബിരുദം നേടി. ഇതിൽ പന്ത്രണ്ട് പേർ മലയാളികളാണ്. ക്യാംപസ് പ്ലേസ്മെന്റിന് രജിസ്റ്റർ ചെയ്ത വിദ്യാർഥികളിൽ 83% പേർക്കും രാജ്യത്തെ ഏറ്റവും മികച്ച എഞ്ചിനീയറിങ്, ഐടി കമ്പനികളിൽ ഇതിനോടകം ജോലി ലഭിച്ചു കഴിഞ്ഞുവെന്ന് ഐഐടി ഡയറക്ടർ പ്രൊഫ. പി ബി സുനിൽ കുമാർ പറഞ്ഞു. ഇവർക്ക് ശരാശരി 7.75 ലക്ഷം രൂപ കമ്പനികൾ വാർഷിക വേതനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഈ അധ്യയന വർഷം ഇതിനോടകം തന്നെ 31 പെൺകുട്ടികൾ ഉൾപ്പടെ 176 വിദ്യാർഥികൾ ബി ടെക്, എംഎസ്‌സി കോഴ്‌സുകൾക്ക് പ്രവേശനം നേടിയിട്ടുണ്ട്. ഇതിൽ 27 പേർ മലയാളികളാണ്. ഓരോ വർഷവും കൂടുതൽ മലയാളി വിദ്യാർഥികൾ ക്യാംപസിൽ പ്രവേശനം നേടുന്നുണ്ട്. അടുത്ത വർഷം മുതൽ സിവിൽ എഞ്ചിനിയറിംഗ്, മെക്കാനിക്കൽ എഞ്ചിനിയറിങ് വിഷയങ്ങളിൽ എംടെക് കോഴ്സുകളും ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ എംഎസ്‌സി കോഴ്‌സുകളും ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ശനിയാഴ്ച്ച നടക്കുന്ന ബിരുദദാന ചടങ്ങിൽ ഡിആർഡിഒ ചെയർമാൻ ഡോ. ജി സതീഷ് റെഡ്ഡി മുഖ്യ അതിഥിയാകും.