പാലക്കാട്: കാരുണ്യ പദ്ധതിയിൽ അനുവദിച്ച ചികിത്സാ സഹായം ലഭിക്കാത്തതിനെ തുടർന്ന് രോഗിയുടെ ഹൃദയ ശസ്ത്രക്രിയ മുടങ്ങി. പട്ടാമ്പി മുതുതല സ്വദേശിയായ ആദമിന്‍റെ ശസ്ത്രക്രിയയാണ് അനുവദിച്ച സഹായം ലഭിക്കാതെ മുടങ്ങിയത്.
കാരുണ്യ പദ്ധതി നിർത്തലാക്കിയത് മൂലം ചികിത്സ മുടങ്ങി ആറുമാസം മുമ്പുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് ഡോക്ടർമാർ ആദമിന് ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയ നിർദേശിച്ചത്. ഇതിനാവശ്യമായ തുക സ്വന്തമായി സ്വരൂപിക്കാൻ കഴിയില്ലെന്ന് വന്നതോടെ കാരുണ്യ ചികിത്സാ പദ്ധതിയിൽ അപേക്ഷ നൽകുകയായിരുന്നു.കഴിഞ്ഞ മാസം ആറിന് അപേക്ഷ നൽകി, 10ന് കാരുണ്യ ബനവലന്റ് ഫണ്ടിൽ നിന്നും 80000 രൂപ ആദമിന് അനുവദിച്ചു. തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ ഈ മാസം 10ന് ശസ്ത്രക്രിയ നടത്താനുള്ള തീയതി നിശ്ചയിച്ചെങ്കിലും ഡോക്‌ടറുടെ അസൗകര്യം മൂലം മാറ്റി വച്ചു. ഇതേ തുടർന്ന് ശസ്ത്രക്രിയക്കായി കഴിഞ്ഞ ദിവസം ആദമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ശസ്ത്രക്രിയക്ക് തൊട്ടു മുമ്പാണ് കാരുണ്യ പദ്ധതിയിൽ നിന്നും പണം അനുവദിക്കുന്നത് നിർത്തലാക്കിയെന്ന് ആശുപത്രി അധികൃതരിൽ നിന്നും ആദമും ഭാര്യ ഹൈറുന്നിസയും അറിയുന്നത്. 60,000 രൂപ കെട്ടി വച്ചെങ്കിൽ മാത്രമെ ഇനി ശസ്ത്രക്രിയ നടത്താനാകൂ. കാരുണ്യയിൽ നിന്നും അനുവദിച്ച തുക ലഭിക്കുമെന്ന പ്രതീക്ഷയിൽ മറ്റ് പണമൊന്നും ഇവർ കരുതിയതുമില്ല.
ഇതിനോടകം ഒരു തവണ മാറ്റി വച്ച ശസ്ത്രക്രിയ വീണ്ടും മാറ്റി വയ്ക്കേണ്ട സ്‌ഥിതിയിലേക്ക് എത്തിയിരിക്കുന്നത്. മാറ്റി വച്ചാൽ തന്നെ ഇത്രയും ഭാരിച്ച തുക എങ്ങനെ കണ്ടെത്തുമെന്നും ഇവർക്കറിയില്ല.