പാലക്കാട്: പാലക്കാട് നഗരസഭയില്‍ വര്‍ഗീയ മുദ്രാവാക്യം മുഴക്കി ജയ് ശ്രീറാം ബാനര്‍ ഉയര്‍ത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. മത സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിനാണ് പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തത്. നഗരസഭ സെക്രട്ടറി നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്. സിപിഎമ്മും കോണ്‍ഗ്രസും സംഭവത്തില്‍ പരാതി നല്‍കിയിരുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിവസം പാലക്കാട് നഗരസഭയില്‍ ബിജെപി ജയിച്ചതിന് പിന്നാലെയാണ് നഗരസഭ കയ്യേറി വര്‍ഗീയ മുദ്രാവാക്യങ്ങളുയര്‍ത്തി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ബാനര്‍ ഉയര്‍ത്തിയത്. മത സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിനാണ് പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തത്. നഗരസഭ സെക്രട്ടറി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യന്‍ ശിക്ഷാ നിയത്തിലെ 153ആം വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍, ശിവരാജന്‍ എന്നിവര്‍ ഉള്‍പ്പെടെയുളള ബിജെപി നേതാക്കളുടെ സാന്നിധ്യത്തില്‍ അവരുടെ അറിവോടെയായിരുന്നു നിയമലംഘനം. ബിജെപി സ്ഥാനാര്‍ഥികളും കൗണ്ടിങ് ഏജന്‍റുമാരും അതിക്രമിച്ച് കടന്ന ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരുമാണ് ജയ് ശ്രീറാം ബാനറുയർത്തിയത്.
സിപിഎം പാലക്കാട് മുനിസിപ്പല്‍ സെക്രട്ടറി ടികെ നൗഷാദ്, ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്‍റ് വികെ ശ്രീകണ്ഠന്‍ എന്നിവരും പരാതി നല്‍കിയിരുന്നു. ആര്‍എസ്എസ്-ബിജെപി നേതാക്കളുടെ നേതൃത്വത്തില്‍ ആസൂത്രിതമായാണ് ബാനറുയർത്തിയത്. വോട്ടെണ്ണല്‍ കേന്ദ്രമായിരുന്ന നഗരസഭയിലെ നിയന്ത്രണങ്ങള്‍ മറികടന്ന് ബാനർ ഉയർത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായി സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം ആവശ്യമായ വകുപ്പുകള്‍ കൂടി കൂട്ടി ചേര്‍ക്കും.