പാലക്കാട്: കഞ്ചിക്കോട്ടെ പൊതുമേഖല സ്ഥാപനമായ ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡിന്‍റെ എം.ഡിയുടെ പേരിൽ വ്യാജ ഇ മെയിലും വാട്‌സ് ആപ്പ് അക്കൗണ്ടും നിർമിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. പഞ്ചാബിൽനിന്നാണ് തട്ടിപ്പിന് ഉപയോഗിച്ച വാട്‌സ് ആപ്പ് നമ്പറിനുള്ള സിംകാർഡ് എടുത്തതെന്ന് പാലക്കാട് സൈബർ പൊലീസ് കണ്ടെത്തി. ഇതോടെയാണ് അന്വേഷണം ഇതരസംസ്ഥാനത്തേക്ക് വ്യാപിപ്പിച്ചത്.
സിം എടുക്കുമ്പോൾ നൽകിയ ഫോൺ നമ്പർ പരിശോധിച്ചാണ്, സിം കാര്‍ഡ് പഞ്ചാബിൽനിന്നാണ് എടുത്തതെന്ന് കണ്ടെത്തിയത്. ഈ മാസം 20ന് എം.ഡി ബി ബാലസുബ്രഹ്മണ്യത്തിന്‍റേതിന് സമാനമായ ഇ മെയിലില്‍ നിന്നും ഇൻസ്ട്രുമെന്‍റേഷൻ ജീവനക്കാർക്ക് സന്ദേശം എത്തുകയായിരുന്നു. മെയിലിലൂടെ വാട്‌സ് ആപ്പ് നമ്പറാണ് ആവശ്യപ്പെട്ടത്.
ALSO READ: നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണമെന്ന് വിചാരണ കോടതി
പലരും ഇത് കൈമാറുകയും ചെയ്‌തു. പിന്നീട് ബാലസുബ്രഹ്മണ്യത്തിന്‍റെ പ്രൊഫൈൽ ചിത്രമുള്ള വാട്‌സ് ആപ്പ് നമ്പറിൽനിന്ന് ഓൺലൈൻ വ്യാപാര സൈറ്റിന്‍റെ ഗിഫ്‌റ്റ് കാർഡ് ആവശ്യപ്പെട്ടായിരുന്നു സന്ദേശം. സംശയംതോന്നിയ ചിലർ എം.ഡിയെ വിളിച്ച് അറിയിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. വ്യക്തിഗതവിവരങ്ങൾ മനസിലാക്കി വ്യാജ അക്കൗണ്ടുകൾ നിർമിച്ച് പണം തട്ടുന്ന കേസുകളുടെ എണ്ണം ദിനംപ്രതി കൂടുന്നതായും ആളുകൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ സൈബർ പൊലീസ് അറിയിച്ചു.