പാലക്കാട്: ചൂളം വിളികളില്ല. പ്ലാറ്റ്‌ഫോമുകളിൽ യാത്രക്കാരുടെ കാൽപെരുമാറ്റങ്ങളുമില്ല. ലോക്ക് ഡൗണിൽ മുതലമട റെയിൽവേ സ്റ്റേഷൻ വിജനമാണ്. ആളൊഴിഞ്ഞെങ്കിലും മടുപ്പിക്കുന്ന ഏകാന്തതയല്ല മറിച്ച് മനം കുളിർപ്പിക്കുന്നൊരനുഭൂതിയാണ് പാലക്കാടൻ അതിർത്തി ഗ്രാമത്തിലെ ഈ റെയിൽവെ പ്ലാറ്റ്‌ഫോമിലൂടെ നടക്കുമ്പോൾ. സംസ്ഥാനത്തെ ഏറ്റവും മനോഹരമായ സ്റ്റേഷനുകളിലൊന്നാണ് മുതലമട.
കോൺക്രീറ്റ് കൃത്രിമത്തിന്‍റെ നാഗരിക സൗന്ദര്യമല്ല, മറിച്ച് പ്രകൃതി ഒരുക്കിത്തരുന്ന സ്വാഭാവിക സൗന്ദര്യമാണ് ഈ കൊച്ചു സ്റ്റേഷന്. പശ്ചിമഘട്ട മലനിരകളുടെ താഴ്വാരത്ത് പ്ലാറ്റ്‌ഫോമുകളിൽ ആകാശം മുട്ടെ ഉയർന്ന് നിൽക്കുന്ന ആൽമരങ്ങൾ. ശിഖരങ്ങളിൽ നിന്നും വളർന്നിറങ്ങി നിലം മുട്ടി നിൽക്കുന്ന വേരുകൾ. അവയ്ക്കിടയിൽ പടർന്ന് പന്തലിച്ച തണലിൽ യാത്രികർക്കായുള്ള നീളൻ ബഞ്ചുകൾ. അണ്ണാറക്കണ്ണന്മാരും ചെറുകുരുവികളും മയിൽക്കൂട്ടങ്ങളുമെല്ലാം കൂട് കൂടി വിഹരിക്കുന്നൊരിടം.
മണിരത്നത്തിന്‍റെയും പ്രിയദർശന്‍റെയുമൊക്കെ എത്രയോ സിനിമകൾക്ക് ലൊക്കേഷനായിട്ടുണ്ട് ഈ സ്റ്റേഷൻ. വികസനമെന്നാൽ പ്രകൃതിയെ വിഴുങ്ങുന്ന നഗരവൽകരണമല്ലെന്നും പരിസ്ഥിതിയെ അധികമൊന്നും വേദനിപ്പിക്കാതെയും നമുക്ക് മുന്നോട്ട് പോകാനാകുമെന്നും ഓർമിപ്പിക്കുക കൂടിയാണ് ഈ പരിസ്ഥിതി ദിനത്തിൽ മുതലമട റെയിൽവെ സ്‌റ്റേഷൻ.
വൈദ്യുതീകരണത്തിന്‍റെ ഭാഗമായി ഈ വൻ മരങ്ങൾ മുറിച്ച് മാറ്റാൻ റെയിൽവേ ഇടയ്ക്ക് തീരുമാനിച്ചിരുന്നെങ്കിലും പരിസ്ഥിതി പ്രവർത്തകരുടെയും നാട്ടുകാരുടെയും എതിർപ്പിനെത്തുടർന്ന് അത് നടപ്പിലായില്ല. ഈ ലോക്ക് ഡൗൺ കാലവും കഴിഞ്ഞു പോകും. മധുരയിലേക്കും പഴനിയിലേക്കുമുള്ള തീവണ്ടികൾ വീണ്ടും ഇതുവഴി ചൂളം വിളികളുമായി ഇരമ്പി നീങ്ങും. അപ്പോഴും സൗകര്യങ്ങളുടെ അപര്യാപ്തത പറഞ്ഞ് ആരുമീ വൻ മരങ്ങളെ മുറിച്ച് മാറ്റാതിരിക്കട്ടെ. ഈ നല്ല കാഴ്ചകളും ഇങ്ങനെ തന്നെ തുടരട്ടെ.