രാഷ്ട്രീയക്കാരനാകാന്‍ തനിക്ക് താത്പര്യമില്ലെന്ന് കായികതാരം ഐ എം വിജയൻ. ആലത്തൂര്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ പലവട്ടം ചര്‍ച്ച നടത്തിയിരുന്നു.
എല്ലാ രാഷ്ട്രീയ നേതാക്കളുമായി നല്ല ബന്ധമാണുള്ളത്. അത് കൊണ്ട് തന്നെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ ആളായി അറിയപ്പെടാൻ താത്പര്യമില്ലെന്നും ഐ എം വിജയൻ പറഞ്ഞു. ഫുട്ബോളും, ജോലിയും പിന്നെ സിനിമയുമായി മുന്നോട്ടു പോകാനാണ് ആഗ്രഹമെന്നും ഐ എം വിജയൻ കൂട്ടിച്ചേർത്തു.
സി പി എമ്മിന് വ്യക്തമായ സ്വാധീനമുളള മണ്ഡലങ്ങളിലൊന്നാണ് ആലത്തൂര്‍. 2009ല്‍ ഒറ്റപ്പാലം മാറി ആലത്തൂരായ ശേഷം പി കെ ബിജുവാണ് ആലത്തൂർ എം പി. 2009നേക്കാള്‍ 2014 ല്‍ ബിജു 17000ത്തിലധികം വോട്ടുകൾ കൂടുതൽ നേടുകയും ചെയ്തിരുന്നു.
കെ ആര്‍ നാരായണന് ശേഷം കൈവിട്ട മണ്ഡലം പതിറ്റാണ്ടുകള്‍ക്ക് ശേഷം തിരിച്ചുപിടിക്കാൻ രാഷ്ട്രീയത്തിനപ്പുറമുളള സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് തേടുന്നത്. മത്സരിക്കാനില്ലെന്ന നിലപാടിൽ വിജയൻ ഉറച്ചതോടെ ഏതെങ്കിലും സിനിമാതാരത്തെ ഇറക്കാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമം.