പാലക്കാട് : മുതലമട മൊണ്ടിപ്പതി പന്തപ്പാറയിൽ കണ്ടെത്തിയ മനുഷ്യന്‍റെ തലയോട്ടി വിദഗ്‌ധ പരിശോധനയ്‌ക്ക് അയച്ചു. ഞായർ (13.02.22) രാവിലെ വിരലടയാള വിദഗ്‌ധർ, ഡോഗ് സ്‌ക്വാഡ്, സയന്‍റിഫിക് അസിസ്റ്റന്‍റ്, ബോംബ് സ്ക്വാഡ് എന്നിവരെത്തി തലയോട്ടിയും കണ്ടെത്തിയ സ്ഥലവും പരിശോധിച്ചു.
തുടർന്ന് തലയോട്ടി തൃശൂരിലെ ഫോറൻസിക് റീജിണൽ ലബോറട്ടറിയിലേക്ക് മാറ്റി. ചിറ്റൂർ ഡിവൈഎസ്‌പി സി.സുന്ദരന്‍റെ നേതൃത്വത്തിലാണ് ഞായറാഴ്‌ച പരിശോധന നടത്തിയത്. ശനിയാഴ്‌ച (12.02.22) വൈകിട്ട് നാലിന് പ്രദേശവാസിയായ അയ്യപ്പനും സുഹൃത്ത് സുരേഷും വനവിഭവം ശേഖരിക്കാൻ പോയപ്പോഴാണ് തലയോട്ടി കണ്ടെത്തിയത്.
Also Read: മുതലമടയ്ക്ക് സമീപം വനത്തിൽ മനുഷ്യന്‍റെ തലയോട്ടി; അന്വേഷണം തുടങ്ങി
മുതലമട ചപ്പക്കാട്ടിൽ നിന്ന് ഓഗസ്റ്റിൽ കാണാതായ യുവാക്കളുടെ കുടുംബങ്ങൾ കൊല്ലങ്കോട് പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് വൈകിട്ടോടെ പൊലീസ് മൊണ്ടിപ്പതിയിലെത്തി പരിശോധിച്ചു.
കാണാതായ യുവാക്കൾ കയറിപ്പോയതെന്ന് കരുതുന്ന വനത്തിലെ തോട്ടിലാണ് തലയോട്ടി കണ്ടത്. മുതലമട ചപ്പക്കാട് ലക്ഷംവീട് കോളനിയിലെ സാമുവൽ (28) അയൽവാസി മുരുകേശൻ (28) എന്നിവരെയാണ് കാണാതായത്.