പാലക്കാട്: ആദിവാസി ഭൂമി തട്ടിയെടുത്ത് കുടിലുകൾ തീയിട്ട കേസിൽ എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജികൃഷ്‌ണന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. മണ്ണാർക്കാട് എസ്.സി/എസ്.ടി സ്‌പെഷ്യൽ ജില്ല കോടതി ജഡ്‌ജി കെ എം രതീഷ്‌കുമാറാണ് ജാമ്യം അനുവദിച്ചത്. പരാതിക്കാരെ സ്വാധീനിക്കരുത്, പാസ്‌പോർട്ട് കോടതിയിൽ നൽകണം, അട്ടപ്പാടി ട്രൈബൽ താലൂക്കിൽ പ്രവേശിക്കരുത്, ഒരുലക്ഷംരൂപ കെട്ടിവയ്‌ക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം.
കൂടാതെ, എല്ലാ ശനിയാഴ്‌ചയും അന്വേഷണ ഉദ്യോസ്ഥനുമുമ്പിൽ ഹാജരാകണമെന്നും കോടതി ഉത്തരവിലുണ്ട്. തിങ്കളാഴ്‌ച രാത്രിയാണ് അജി കൃഷ്‌ണനെ പൊലീസ് അറസ്റ്റ് ചെയ്‌തത്. എന്നാൽ അജി കൃഷ്‌ണന്‍റെ അറസ്റ്റിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്‌ണകുമാർ സർക്കാരിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. സർക്കാർ പ്രതികാരനടപടി സ്വീകരിക്കുന്നുവെന്നായിരുന്നു ബിജെപി നേതാവന്‍റെ ആരോപണം.