പാലക്കാട്: ദുരഭിമാനക്കൊലയ്ക്ക് ഇരയായ തേങ്കുറിശി സ്വദേശി അനീഷിന്‍റെ വീട് സന്ദർശിച്ച് മന്ത്രി എ.കെ ബാലൻ. അനീഷിന്‍റെ മരണത്തിന് കാരണക്കാരായ കുറ്റവാളികളെ നിയമത്തിന് മുൻപിൽ കൊണ്ടുവരുന്നതിന് ശക്തമായ നിലപാട് എടുത്തിട്ടുള്ളതായി മന്ത്രി അറിയിച്ചു.
പ്രതികൾ നിലവിൽ റിമാൻഡിലാണ്. തുടർ നടപടികൾ പൊലീസിന്‍റെ ഭാഗത്തുനിന്നും ശക്തമാക്കും. മുഖ്യമന്ത്രിയുമായി നാളെ ഇക്കാര്യം ചർച്ച ചെയ്യും. പൊലീസിന്‍റെ ഭാഗത്തുനിന്നും അലംഭാവം ഉണ്ടായിട്ടുണ്ടെങ്കിൽ അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു.
വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അന്വേഷിക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. പ്രതികളെ സംബന്ധിച്ച് അനീഷിന്‍റെ വീട്ടിൽ നിന്നും ലഭിച്ച പരാതിയിൽ പൊലീസിന്‍റെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടില്ല. പരാതി അന്വേഷിച്ച് നടപടി എടുക്കുന്നതിനിടയിലാണ് ദാരുണ സംഭവം ഉണ്ടായതെന്നും മന്ത്രി വ്യക്തമാക്കി. കൊല്ലപ്പെട്ട അനീഷിന്‍റെ ഭാര്യ ഹരിത, അനീഷിന്‍റെ മാതാപിതാക്കൾ എന്നിവരെ കണ്ട് മന്ത്രി സംസാരിച്ചു.