പാലക്കാട്: പകൽ മുഴുവൻ പൊള്ളുന്ന ചൂട് കൊണ്ട് പുറത്തിറങ്ങാൻ വയ്യ. രാത്രിയിലാകട്ടെ കനത്ത മഴയും. തുലാവർഷമെത്തിയതോടെ പാലക്കാട് ഇതാണവസ്ഥ. വ്യാഴാഴ്‌ച രാത്രി ഒന്നര മണിക്കൂർ നേരം പെയ്ത മഴയിൽ മലമ്പുഴ ഡാമിൽ 13 സെന്‍റിമീറ്ററാണ് ജലനിരപ്പ് ഉയർന്നത്. അണക്കെട്ടിന്‍റെ പരമാവധി സംഭരണശേഷിക്കടുത്ത് വെള്ളമെത്തിയതിനാൽ രാവിലെ തന്നെ ഷട്ടര്‍ തുറന്നു. ഇതോടെ മുക്കൈ പുഴ കരകവിഞ്ഞൊഴുകി. പാലത്തിന് മുകളിലൂടെ വെള്ളമൊഴുകിയത് യാത്രക്കാരെയും വലച്ചു. എന്നാൽ കത്തിക്കാളുന്ന വെയിലിലും പുഴ കരകവിഞ്ഞൊഴുകുന്നത് കൗതുകമുള്ള കാഴ്‌ചയായി.
വൃഷ്‌ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ഇന്ന് രാത്രി 10 മണിയോടെ 10 മുതൽ 15 സെന്‍റിമീറ്റർ വരെ ഉയർത്തുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. മുക്കൈ പുഴ, കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിർദേശം നല്‍കി.