പാലക്കാട്: മേലുദ്യോഗസ്ഥരുടെ പീഡനം മൂലം ഫയർ ആന്റ് റെസ്ക്യൂ ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണതായി പരാതി. പാലക്കാട് ജില്ലയിലെ മണാർക്കാട് വട്ടമ്പലം ഫയർസ്റ്റേഷനിലെ ഉദ്യോഗസ്ഥൻ മനോജാണ് വാഹനം കഴുകുന്നതിനിടെ കുഴഞ്ഞ് വീണെന്ന പാരതിയുമായി രംഗത്തെത്തിയത്.
സംഭവത്തെക്കുറിച്ച് മനോജ് പറയുന്നതിങ്ങനെ:
മണാർക്കാട് സ്റ്റേഷനിലെത്തിയ വകുപ്പ് മേധാവി ഡ്രൈവറായ തന്നോട് വാഹനം കഴുകാൻ ആവശ്യപ്പെട്ടു. രണ്ട് തവണ വാഹനം കഴുകിപ്പിച്ചെന്നും താൻ സംഘടന പ്രവർത്തനം നടത്തുന്നതാണ് മേലുദ്യോസ്ഥരുടെ അതൃപ്തിക്ക് കാരണമെന്നും മനോജ് പറയുന്നു. വാഹനം കഴുകുന്നതിനിടെ വീണ് പരിക്കേറ്റ മനോജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, സ്റ്റേഷൻ ഓഫീസറെ ഭീഷണിപ്പെടുത്തിയ സംഭവം അന്വേഷിക്കാനാണ് താൻ മണാർക്കാട് എത്തിയതെന്നും നടപടി ഉണ്ടാവാതിരിക്കാൻ മനോജ് കുഴഞ്ഞ് വീണതായി അഭിനയിച്ചതാണെന്നുമാണ് ജില്ലാ ഫയർഫോഴ്സ് മേധാവി അരുൺ ഭാസ്ക്കർ നൽകിയ വിശദീകരണം.