പാലക്കാട്: ഔദ്യോഗിക കൃത്യ നിർവഹണത്തിനൊപ്പം കൃഷിക്കും സമയം കണ്ടെത്തുകയാണ് പട്ടാമ്പി മിനി സിവില്‍ സ്റ്റേഷനിലെ ജീവനക്കാർ. ഇതിന്‍റെ ഭാഗമായി ഗ്രോ ബാഗ് കൃഷിക്ക് സ്റ്റേഷനില്‍ തുടക്കം കുറിച്ചു. റവന്യൂ പിടിച്ചെടുത്ത വാഹനങ്ങൾ കൂട്ടിയിട്ട് വൃത്തിഹീനമായി കിടന്ന പ്രദേശമാണ് വൃത്തിയാക്കി കൃഷിയോഗ്യമാക്കിയത്. വെണ്ട, മുളക്, വഴുതന, തക്കാളി, പയർ എന്നിവയാണ് കൃഷി ചെയ്യുന്നത്. മിനി സിവിൽ സ്റ്റേഷനിലെ എല്ലാ വകുപ്പുകളിലെയും ജീവനക്കാർ ഒത്തൊരുമിച്ചാണ് കൃഷി നടത്തുന്നത്. മുഹമ്മദ് മുഹ്‌സിൻ എംഎൽഎ വിത്ത് പാകി കൃഷിക്ക് തുടക്കം കുറിച്ചു.
കൃഷിക്കായുള്ള വളവും മിനി സിവിൽ സ്റ്റേഷനിൽ തന്നെ ഉത്പാദിപ്പിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ജീവനക്കാർ കഴിച്ച ഭക്ഷണത്തിന്‍റെ അവശിഷ്ടങ്ങൾ കമ്പോസ്റ്റാക്കി മാറ്റിയാണ് ജൈവ വളം ഉത്പാദിപ്പിക്കുന്നത്. ഇതിനുള്ള പ്രവർത്തനങ്ങൾ രണ്ട് മാസം മുൻപേ ആരംഭിച്ചിരുന്നു. വളം ഉത്പാദിപ്പിക്കുന്നതിനായി എല്ലാ നിലകളിലും കമ്പോസ്റ്റ് ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. സർവീസ് സംഘടനകളുടെ കൂടി സഹകരണത്തോടെയാണ് ഗ്രോ ബാഗുകൾ സജ്ജമാക്കിയത്.