പാലക്കാട്: നോമ്പുതുറക്കാന്‍ പഴവര്‍ഗങ്ങള്‍ നിര്‍ബന്ധമാണ്. എന്നാല്‍ കീടനാശിനി പ്രയോഗിക്കാത്ത പഴങ്ങള്‍ കിട്ടാനുമില്ല. പക്ഷെ ഇതൊന്നും തിരുവേഗപുറ സ്വദേശി നെടുങ്ങാട്ടിൽ അബ്‌ദുൾ ലത്തീഫിനേയും കുടുംബത്തേയും അലട്ടുന്നില്ല. കാരണം മട്ടുപ്പാവില്‍ മുന്തിരിവള്ളികള്‍ കായ്‌ച്ച് നില്‍പ്പുണ്ട്. രണ്ടു വര്‍ഷം മുമ്പാണ് പാലക്കാട് തിരുവേഗപുറ സ്വദേശി നെടുങ്ങാട്ടിൽ അബ്‌ദുൾ ലത്തീഫ് മുന്തിരി കൃഷി തുടങ്ങിയത്.
വീട്ടു വളപ്പിൽ കുഴിച്ചിട്ട വള്ളി മട്ടുപ്പാവിലേക്ക് പടര്‍ത്തുകയായിരുന്നു. പൂർണ്ണമായും ജൈവവളം ഉപയോഗിച്ചായിരുന്നു പരിപാലനം. മുന്തിരി തളിർക്കാനും പൂക്കാനും അതിശൈത്യം വേണമെന്ന ധാരണ പൊതുവേ ഉള്ളതാണ്. എന്നാല്‍ ഈ ധാരണ തിരുത്തിയാണ് തിരുവേഗപ്പുറത്ത് മുന്തിരി കുലകള്‍ പാകമായത്. ഇത് രണ്ടാം തവണയാണ് മുന്തിരി വിളവെടുക്കുന്നത്. 25 വർഷക്കാലമാണ് ഒരു മുന്തിരി വള്ളിയുടെ ആയുസ്. മഴ പെയ്താല്‍ ഇലകൾ കൊഴിയും, വേനലിൽ ധാരാളം നനക്കണം, നല്ല പരിചരണവും നൽകേണ്ടതുണ്ടെന്ന് ലത്തീഫ് പറയുന്നു.
രാസകീടനാശിനികൾ തളിച്ച മുന്തിരിയാണ് വിപണികളിൽ എത്തുന്നത്. എന്നാല്‍ വിഷമയമല്ലാത്ത മുന്തിരി ലഭിച്ച ആഹ്ളാദത്തിലാണ് വീട്ടുകാര്‍. മന്തിരി കൂടാതെ റമ്പുട്ടാനും ലത്തീഫ് വിളയിച്ചു. ഉമ്മ ഫാത്തിമയും ഭാര്യ സബ്‌ലയും മകൻ ഹാദിയും ചേർന്നാണ് മുന്തിരി വള്ളികളെ പരിപാലിക്കുന്നത്. നാട്ടിൽ തളിർത്ത മുന്തിരി കാണാനും മധുരം നുണയാനും പലരും എത്താറുണ്ട്.