പാലക്കാട്: പൊതു വിതരണ രംഗത്തെ സര്‍ക്കാരിന്‍റെ ഫലപ്രദമായ ഇടപെടലിലൂടെയാണ് ഉപഭോക്തൃ സംസ്ഥാനമായിട്ടും വിലക്കയറ്റം പിടിച്ചു നിർത്താനായതെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. ജില്ലയിലെ പട്ടഞ്ചേരി, പിരായിരി, കടമ്പടി എന്നിവിടങ്ങളില്‍ ആദ്യമായി ആരംഭിച്ച മാവേലി സൂപ്പര്‍ സ്‌റ്റോറുകളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സപ്ലൈകോ മുഖേന വിപണനം ചെയ്യുന്ന ഉത്പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കില്ലെന്ന സര്‍ക്കാര്‍ ലക്ഷ്യം നടപ്പിലാക്കാനായി. ഉത്പാദന കേന്ദ്രത്തില്‍ നിന്നും ഉത്‌പന്നങ്ങൾ നേരിട്ട് സംഭരിച്ച് പൊതുജനങ്ങളിലേക്കെത്തിക്കാനായതിനാല്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്താനും വില കുറവിൽ സാധനങ്ങള്‍ വില്‍ക്കാനും കഴിഞ്ഞു.
കൊവിഡ് കാലത്ത് സര്‍ക്കാര്‍ ഏറെ മാതൃകാപരമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഭക്ഷ്യധാന്യക്കിറ്റ് വിതരണത്തിലൂടെ സര്‍ക്കാരിന് വലിയ ബാധ്യത ഉണ്ടായിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ നയം ഫലപ്രദമായി നടപ്പാക്കിയതായും മന്ത്രി പറഞ്ഞു. ഗുണമേന്മയുള്ള നിത്യോപയോഗ സാധനങ്ങള്‍ മിതമായ വിലയ്ക്ക് ജനങ്ങള്‍ക്ക് എത്തിക്കാനായി സര്‍ക്കാര്‍ ആരംഭിക്കുന്ന മാവേലി സ്‌റ്റോറുകള്‍ ഏറെ ആശ്വാസകരമാണെന്ന് പരിപാടിയില്‍ അധ്യക്ഷനായ ജലവിഭവ വകുപ്പുമന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു.
ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നടന്ന പരിപാടികളില്‍ എം.എല്‍.എ മാരായ കെ.ഡി പ്രസേനന്‍, ഷാഫി പറമ്പില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ വി.സുമതി,പി.എസ് ശിവദാസന്‍, സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ അലി അസ്ഗര്‍ പാഷ, സപ്ലൈകോ റീജിയണല്‍ മാനേജര്‍ ശിവകാമി അമ്മാള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.