പാലക്കാട്: വാളയാര്‍ ചെക്ക് പോസ്റ്റിൽ ആധുനിക പരിശോധന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. വാളയാറിലെ ചെക്ക് പോസ്റ്റ് മന്ദിരം ആധുനികവത്ക്കരിക്കുന്നതിന്‍റെ ഭാഗമായി നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിന്‍റെ കവാടമായ വാളയാറിലെ ചെക്ക് പോസ്റ്റ് കെട്ടിടം അഭിമാനാര്‍ഹമായ രീതിയിലാണ് നവീകരിക്കുകയെന്നും മന്ത്രി പറഞ്ഞു. 9.5 കോടി രൂപയോളം ചെലവ് പ്രതീക്ഷിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ കീഴിയുള്ള വാളയാര്‍ ചെക്ക് പോസ്റ്റില്‍ നടത്തുന്നത്. അഞ്ച് വേയ്- ബ്രിഡ്‌ജുകളോട് കൂടി ആധുനിക പരിശോധന സൗകര്യങ്ങളോടെയാണ് ചെക്ക് പോസ്റ്റിന്‍റെ നിർമ്മാണം പൂര്‍ത്തിയാക്കുക.
ആര്‍.ടി.ഒ ചെക്ക് പോസ്റ്റ് പരിസരത്ത് നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗം എം. പദ്‌മിനി ടീച്ചര്‍ വി.എസ് അച്യുതാനന്ദന്‍ എംഎല്‍എയുടെ പ്രതിനിധിയായി അധ്യക്ഷ പ്രസംഗം വായിച്ചു. പുതുശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.പ്രസീത, ബ്ലോക്ക് പഞ്ചായത്തംഗം കെ.സുന്ദരി, ഗ്രാമ പഞ്ചായത്ത് അംഗം എസ്. ആല്‍ബര്‍ട്ട്, എന്‍ഫോസ്‌മെന്‍റ് ആര്‍.ടി.ഒ വി.എ സഹദേവന്‍, മുന്‍ ആര്‍.ടി.ഒ കെ.സി. മണി, ആധുനികവത്കരണ നിര്‍മ്മാണ ചുതമലയുള്ള കോസ്റ്റ് ഹോഡ് പ്രതിനിധി നന്ദകുമാര്‍, ഊരാളുങ്കല്‍ സൊസൈറ്റി പ്രതിനിധി ജി.വിജയകുമാര്‍, മോട്ടോര്‍ വാഹന വകുപ്പ് മധ്യ മേഖല ഡെപ്യൂട്ടി കമ്മീഷണര്‍ എ.കെ ശശി കുമാര്‍, പാലക്കാട് ആര്‍.ടി.ഒ പി.ശിവകുമാര്‍ എന്നിവർ സംസാരിച്ചു.