പാലക്കാട്: പേവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ ആഴത്തില്‍ കടിയേറ്റതാവാം മരണ കാരണമെന്ന് ഡിഎംഒയുടെ റിപ്പോര്‍ട്ട്. സംസ്ഥാന ആരോഗ്യവകുപ്പിന് ഡിഎംഒ കൈമാറിയ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഡിഎംഒ കെ.പി റീത്തയുടെ നേതൃത്വത്തിൽ വെള്ളിയാഴ്‌ച വിദ്യാർഥിനിയുടെ മങ്കരയിലെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു.
വാക്‌സിൻ നൽകുന്നതിൽ പിഴവുണ്ടായിട്ടില്ലെന്നും കൃത്യമായ ഇടവേളകളിൽ വാക്‌സിൻ നൽകിയിട്ടുണ്ടെന്നും ജില്ല ആരോഗ്യ വകുപ്പിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തി. തെരുവുനായയെയാണ് അയൽവാസി വീട്ടിൽ വളർത്തിയിരുന്നത്. നായയ്‌ക്ക് വാക്‌സിന്‍ എടുത്തിട്ടില്ലെന്നും കണ്ടെത്തി.
വിദ്യാർഥിനിയുടെ മൃതദേഹം സംസ്‌കരിച്ചതിനാൽ, വാക്‌സിന്‍ എടുത്താല്‍ ഉണ്ടാകേണ്ട ആന്‍റിബോഡി ഉണ്ടായിട്ടുണ്ടോ എന്നറിയാന്‍ സാധ്യമല്ലെന്നും റിപ്പോർട്ടിലുണ്ട്. മഞ്ഞക്കര പടിഞ്ഞാക്കര വീട്ടിൽ സുഗുണൻ-സിന്ധു ദമ്പതികളുടെ മകൾ ശ്രീലക്ഷ്‌മി(19)യാണ് വ്യാഴാഴ്‌ച(ജൂണ്‍ 30) തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. കോയമ്പത്തൂരില്‍ ബിസിഎ വിദ്യാർഥിനിയായിരുന്നു.
മെയ് 30നാണ് അയല്‍വാസിയുടെ വളർത്തുനായ ശ്രീലക്ഷ്‌മിയുടെ കൈവിരലുകളിൽ കടിച്ചത്. ഉടനെ പാലക്കാട് ജില്ല ആശുപത്രിയിലെത്തി വാക്‌സിന്‍ എടുത്തു. മുറിവ് ആഴത്തിലുള്ളതായതിനാല്‍ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി സിറവും കുത്തിവച്ചു.
പിന്നീട് മൂന്ന് ഡോസ് വാക്‌സിൻ കൂടി എടുത്തിരുന്നു. ഇതിൽ രണ്ടെണ്ണം പാലക്കാട് ജില്ല ആശുപത്രിയിൽ നിന്നും, ഒന്ന് സ്വകാര്യ ആശുപത്രിയിൽ നിന്നുമാണ് എടുത്തത്. വിദ്യാർഥിനിയെ കടിച്ച ദിവസം തന്നെ വീട്ടുടമയെയും മറ്റു രണ്ട് പേരെയും കടിച്ചതിനാൽ നായയെ നാട്ടുകാർ തല്ലിക്കൊന്നു. റിപ്പോർട്ട് പഠിച്ച് വിദഗ്‌ധ കമ്മിറ്റി നിർദേശിക്കുന്നത് അനുസരിച്ച് അന്വേഷണത്തിന്‍റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്ന് ഡിഎംഒ പറഞ്ഞു.
Also Read പേ വിഷബാധയേറ്റ വിദ്യാര്‍ഥിനി മരിച്ചു: നായ കടിച്ചത് ഒരു മാസം മുന്‍പ്