പാലക്കാട്: സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെയും കുടുംബത്തേയും മർദിച്ച് കഠിനമായി ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ കഞ്ചിക്കോട് ചടയൻകാലായ് ഉമ്മിണികുളം സ്വദേശികളായ നാല് പേരെ കസബ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കഞ്ചിക്കോട് ചടയൻകാലായ് ഉമ്മിണികുളം ഗിരിജ നിവാസിൽ കുട്ടികൃഷ്‌ണൻ മകൻ ഗിരീഷ് (42), കഞ്ചിക്കോട് ചടയൻകാലായ് ഉമ്മിണികുളം ചെമ്മല വീട്ടിൽ ഗോപാലകൃഷ്‌ണൻ മകൻ സത്യാനന്ദൻ (47), കഞ്ചിക്കോട് ചടയൻകാലായ് ഉമ്മിണികുളം പ്രകാശൻ മകൻ കാർത്തിക് (32), കഞ്ചിക്കോട് ചടയൻകാലായ് ഉമ്മിണികുളം രാജൻ മകൻ സുരേഷ് (39) എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
വെള്ളിയാഴ്‌ച(01.09.2022) രാത്രി 9.30 നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. തൃശ്ശൂർ അവിനിശ്ശേരി നെല്ലിപ്പറമ്പിൽ വീട്ടിൽ സതീഷൻ മകൻ കിരൺ (28), സഹോദരി, സഹോദരീഭർത്താവ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. കിരൺ കഞ്ചിക്കോട് ചടയൻകാലായ് ഉമ്മിനിക്കുളത്തുള്ള പെങ്ങളുടെ വീട്ടിലേക്ക് ബൈക്കിൽ പോകുന്ന സമയം പൊതുവഴിയിൽ നിരന്ന് ഇരിക്കുകയായിരുന്ന പ്രതികളോട് വഴിമാറി തരാൻ ആവശ്യപ്പെട്ടതാണ് മര്‍ദനത്തിന് കാരണമായത്.
പ്രതികൾ കിരണിനെ തടഞ്ഞു നിർത്തി പുറത്തു നിന്ന് വന്നവർ ഷോ കാണിക്കണ്ട എന്ന് പറഞ്ഞ് കമ്പിവടി കൊണ്ട് തലയിലും കൈതണ്ടിയിലും അടിക്കുകയും തുടർന്ന് ബഹളം കേട്ട് എത്തിയ കിരണിന്‍റെ സഹോദരി ഭർത്താവിനെ മർദിക്കുകയും, സഹോദരി സംഭവം മൊബൈൽ ഫോണിൽ വീഡിയോ എടുക്കുകയാണെന്ന് പറഞ്ഞ് മൊബൈൽ ഫോൺ പിടിച്ചു വാങ്ങി മുടിക്ക് പിടിച്ച് കൈതണ്ടയിൽ വടി കൊണ്ടടിക്കുകയും ചെയ്‌തു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് മുഴുവൻ പ്രതികളേയും പൊലീസ് അറസ്‌റ്റ് ചെയ്‌തു. വിശദമായ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു.
ഇതിനു മുമ്പും പ്രതികൾക്കെതിരെ കസബ പൊലീസ് സ്റ്റേഷനിൽ ദേഹോപദ്രവമേല്‍പിച്ചത് മൂലം കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. ജില്ല പൊലീസ് മേധാവി ആര്‍.വിശ്വനാഥിന്‍റെ നിർദേശപ്രകാരം പാലക്കാട് ഡിവൈെസ്‌പി വി.കെ രാജു, ചിറ്റൂർ ഡിവൈെസ്‌പി സി.സുന്ദരൻ എന്നിവരുടെ നേതൃത്വത്തിൽ കസബ പൊലീസ് ഇൻസ്പെക്‌ടർ രാജീവ് എന്‍.എസ് സബ് ഇൻസ്പെക്‌ടർമാരായ അനീഷ്. എസ്, ഉദയകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കാജാഹുസൈൻ, ശിവാനന്ദൻ എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിക്കുന്നത്.