പാലക്കാട്: ജണ്ട നിർമാണം പൂർത്തീകരിച്ച കരാറുകാരനിൽ നിന്നും കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ വിജിലൻസ് അറസ്റ്റ് ചെയ്‌തു. ഒലവക്കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ അഖിലാണ് പിടിയിലായത്. ജോസഫ് ബിജു എന്ന കരാറുകാരനിൽ നിന്ന് ബില്ല് പാസാക്കി അരലക്ഷം രൂപയാണ് ഇയാൾ കൈക്കൂലി വാങ്ങിയത്.
അപേക്ഷ സമർപ്പിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും തുക മാറിക്കിട്ടാതായപ്പോഴാണ് ജോസഫ് റേഞ്ച് ഓഫീസർ അഖിലിനെ സമീപിച്ചത്. ഇയാൾ ഒന്നേക്കാൽ ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു. തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ അതിന് കഴിയില്ലെന്നും ഗഡുക്കളായി തുക നൽകാനുള്ള സൗകര്യം ചെയ്‌ത് തരാമെന്നുമായിരുന്നു ഇയാളുടെ നിലപാട്. ആദ്യ ഗഡുവായി അമ്പതിനായിരം രൂപ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഈ കാര്യങ്ങളെല്ലാം കാണിച്ച് ജോസഫ് പാലക്കാട് വിജിലൻസ് ഡിവൈഎസ്‌പി ഷംസുദ്ദീന് പരാതി നല്‍കി. ഇവരുടെ നേതൃത്വത്തിലുള്ള സംഘം നൽകിയ 50,000 രൂപയുടെ നോട്ടുകൾ ജോസഫ് കൈമാറുന്നതിനിടയിലാണ് ഫോറസ്റ്റ് റേഞ്ച് ഓഫീസറെ പിടികൂടിയത്. ഇയാളെ മുമ്പും വിജിലൻസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. 2016ൽ തൃശൂർ മാന്ദമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസർ ആയിരിക്കെ അനധികൃത മരം മുറിക്കലുമായി ബന്ധപ്പെട്ട കേസിൽ പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങി തെറ്റായ റിപ്പോർട്ട് നൽകിയതിനായിരുന്നു അറസ്റ്റ്.