പാലക്കാട് : പന്നിയങ്കര ടോൾപ്ലാസയിൽ ടോറസ് ലോറികള്‍ നിർത്തിയിട്ട് പ്രതിഷേധിച്ചതിന് ഉടമകള്‍ക്കെതിരെ കേസ്. അമിത ടോൾ പിരിക്കുന്നതായി ആരോപിച്ചാണ് കഴിഞ്ഞദിവസം പകൽ 11 മുതൽ നാനൂറോളം ടോറസ് ലോറികള്‍ ടോൾ പ്ലാസയ്‌ക്ക് മുന്നിൽ നിർത്തിയിട്ട് പ്രതിഷേധിച്ചത്. വാഹനങ്ങൾ ഇരുവശത്തും നിർത്തി ഗതാഗത തടസമുണ്ടാക്കിയെന്നാണ് കേസ്.
ടോറസ് ലോറികളുടെ ടോൾ നിരക്ക് കുറയ്‌ക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ (25.03.2022) മുതല്‍ കേരള ടോറസ് ടിപ്പർ അസോസിയേഷന്‍റെ നേതൃത്വത്തിൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട് ജില്ലകളിലെ ആയിരത്തോളം വാഹനങ്ങളാണ് സമരത്തിൽ പങ്കെടുക്കുന്നതെന്ന് അസോസിയേഷൻ തൃശൂർ ജില്ല പ്രസിഡന്‍റ് കെ ജെ ഷിജു പറഞ്ഞു. നിലവിൽ ടോറസ് ലോറികൾ ഒരു വശത്തേക്ക് പോകണമെങ്കിൽ 430 രൂപയും ഇരുവശത്തേക്കുമായി 645 രൂപയുമാണ് നൽകേണ്ടത്.
ഒരു മാസത്തേക്ക് ഒന്നിച്ച് അടയ്‌ക്കുകയാണെങ്കിൽ 14,315 രൂപയാണ് ടോൾ നിരക്ക്. എന്നാൽ 645 രൂപയുടെ ടോളിന് 24 മണിക്കൂർ സമയം അനുവദിക്കണമെന്നാണ് ടോറസ് ഉടമകളുടെ പ്രധാന ആവശ്യം. നിലവിൽ ഒരു ദിവസം മൂന്നും നാലും തവണ ടോൾ പ്ലാസ കടക്കുന്ന വാഹനങ്ങൾ ഓരോ തവണ കടക്കുമ്പോഴും 645 രൂപവീതം നൽകണം.
ALSO READ: ദേശീയ പണിമുടക്ക്; കേരളത്തില്‍ 48 മണിക്കൂര്‍ ഹര്‍ത്താല്‍ സമാന സാഹചര്യം
ഇത് വൻ നഷ്‌ടമുണ്ടാക്കുമെന്നാണ് ഉടമകളുടെ വാദം. പ്രശ്നം പരിഹരിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനാണ് അസോസിയേഷൻ തീരുമാനം. ടോറസ് ലോറി പണിമുടക്ക് തൃശൂർ, എറണാകുളം ജില്ലകളിലെ നിർമാണമേഖലയെ സാരമായി ബാധിക്കാൻ സാധ്യതയുണ്ട്.
പ്രതിഷേധത്തെ തുടര്‍ന്ന് ടോള്‍ പിരിവ് മുടങ്ങിയത് കാരണം 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് കരാർ കമ്പനി പറഞ്ഞു. ടോൾ പിരിവ് മുടങ്ങിയതിലെ നഷ്‌ടം ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയെന്നും കമ്പനി അറിയിച്ചു. ടോള്‍ പിരിവില്‍ പ്രദേശവാസികൾക്ക് അനുവദിച്ച ഇളവ് തുടരുന്നുണ്ട്.