പാലക്കാട് : ജില്ലയിൽ ചൂട് കനത്തതോടെ ഓടി തളരുകയാണ് അഗ്നിരക്ഷാസേന. മാലിന്യങ്ങൾക്കും പറമ്പിനും നിരന്തരം തീ പിടിക്കുന്നതിനാൽ ജില്ലയിലെ 10 അഗ്നിരക്ഷാ ഓഫിസുകളിലേക്കും നിരന്തരം ആളുകളുടെ വിളികളാണ്. എല്ലായിടത്തും ഓടിയെത്താൻ കഴിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് സേന.
തീപിടിത്തമുണ്ടായ സ്ഥലങ്ങളിൽ അണയ്ക്കാൻ ആവശ്യത്തിന് വെള്ളം ലഭിക്കാത്തതാണ് അഗ്നിരക്ഷാസേന നേരിടുന്ന പ്രധാന പ്രശ്‌നം. തീ അണച്ച ശേഷം വെള്ളം നിറയ്ക്കാനായി കുളങ്ങള്‍ തോടുകള്‍ കിണറുകള്‍ എന്നിവയെയാണ് നിലവിൽ ആശ്രയിക്കുന്നത്. ഭൂരിഭാഗം കുളങ്ങളും തോടുകളും ഇതിനോടകം തന്നെ വറ്റി. അതിനാൽ വെള്ളം നിറയ്ക്കാൻ വേണ്ടി മാത്രം കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ടിവരുന്നു.
ഇതിന് പരിഹാരമായി വാട്ടർ അതോറിറ്റി ജില്ലയിൽ 30 ഹൈഡ്രന്‍റുകളെങ്കിലും സ്ഥാപിക്കണമെന്നാണ് സേനയുടെ ആവശ്യം. ഇങ്ങനെ പലയിടത്തായി ഹൈഡ്രന്‍റ് സ്ഥാപിച്ചാൽ ജലക്ഷാമം പരിഹരിക്കാം. സംസ്ഥാന ബജറ്റിൽ കൊഴിഞ്ഞാമ്പാറ നാട്ടുകല്ലിൽ പുതിയ സ്റ്റേഷനായി രണ്ട് കോടി നീക്കിവച്ചിട്ടുണ്ട്. ഇതുപോലെ അട്ടപ്പാടി, ഒറ്റപ്പാലം, തരൂർ, തൃത്താല എന്നിവിടങ്ങളിലും സ്റ്റേഷനുകൾ സ്ഥാപിക്കണം. കിൻഫ്രയിൽ സാറ്റലൈറ്റ് ഫയർ സ്റ്റേഷൻ സ്ഥാപിക്കണമെന്നും സേന ആവശ്യപ്പെട്ടു.
എന്താണ് ഫയർ ഹൈഡ്രന്‍റ് ?
തീ കെടുത്താനാവശ്യമായ വെള്ളം പമ്പ് ചെയ്യുന്ന കൂറ്റൻ പൈപ്പും വാൽവും ഉൾപ്പടെയുള്ള സംവിധാനമാണിത്. വാട്ടർ അതോറിറ്റിയുടെ ഓവർ ഹെഡ് ടാങ്കിൽ നിന്നോ നഗരത്തിലെ ഏതെങ്കിലും ജലസ്രോതസുകളിൽ നിന്നോ ആകും ഇതിനാവശ്യമായ വെള്ളം ലഭ്യമാക്കുക.
ഫയർഫോഴ്‌സിന്‍റെ ഹോസ് കണക്‌ട് ചെയ്‌ത് വാൽവ് തുറന്നാൽ ആവശ്യമുള്ള സ്ഥലത്തേക്ക് വെള്ളം പമ്പ് ചെയ്യാനും തീ പിടിത്തം ഞൊടിയിടയിൽ നിയന്ത്രണ വിധേയമാക്കാനും കഴിയും.
Also read:മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വധ ഭീഷണി: യുവാവ് അറസ്‌റ്റിൽ