പാലക്കാട് : മകളുടെ വിവാഹ നിശ്ചയത്തിന്‍റെ തലേന്ന് അച്ഛന്‍ ഷോക്കേറ്റ് മരിച്ചു. എഴക്കാട് വടക്കേക്കരവീട്ടില്‍ പരേതരായ മലയന്‍റെയും കാളിയുടെയും മകന്‍ കാശു (52) ആണ് മരിച്ചത്. വീട്ടില്‍ മകളുടെ വിവാഹനിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് അപകടം.
ബുധനാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. കനത്ത മഴയും ഇടിമിന്നലും ഉണ്ടായിരുന്നതിനാല്‍ വൈദ്യുതി തടസപ്പെട്ടിരുന്നു. വീടിന് പുറത്ത് ലൈറ്റ് ഇടാനായി വയര്‍ കെട്ടുന്നതിനിടെ പെട്ടെന്ന് വൈദ്യുതി പ്രവാഹമുണ്ടായി ഷോക്കേല്‍ക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഉടന്‍ തന്നെ കോങ്ങാടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതയായ കമലമാണ് ഭാര്യ.