പാലക്കാട് : മഹാരാജാസ് കോളജിന്‍റെ പേരില്‍ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നിര്‍മിച്ച കേസിൽ അറസ്റ്റിലായ കെ വിദ്യയുടെ ഫോൺ പിടിച്ചെടുത്ത് പൊലീസ്. വിദ്യയെ വടകരയിൽ നിന്ന് കസ്റ്റഡിയിലെടുത്തപ്പോഴാണ് ഫോണും പിടിച്ചെടുത്തത്. ഇതിൽ ഇ-മെയിലുകൾ ഡിലീറ്റ് ചെയ്‌തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ ഇ-മെയിലുകൾ വിദ്യയുണ്ടാക്കിയ വ്യാജ രേഖയാണെന്നാണ് പൊലീസിന്‍റെ സംശയം.
പിടിച്ചെടുത്ത ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്‌ത രേഖകൾ തിരിച്ചെടുക്കുന്നതിനായി സൈബർ വിദഗ്‌ധരുടെ സഹായം പൊലീസ് തേടിയിട്ടുണ്ട്. ഇതിനിടെ ചോദ്യം ചെയ്യുന്നതിനിടയിൽ വിദ്യക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് കോട്ടത്തറ ആശുപത്രിയിലെ ഡോക്‌ടറെ, ആംബുലൻസ് സഹിതം അഗളി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.
ഡോക്‌ടർ പരിശോധിച്ചതിന് പിന്നാലെ വിദ്യയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നിർദേശിക്കുകയായിരുന്നു. നാല് മണിയോടെയാണ് വിദ്യക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. രാത്രി 10 മണി വരെ വിദ്യയെ ആശുപത്രിയിൽ നിരീക്ഷിക്കും. അതിന് ശേഷം അഗളി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റും.
ശനിയാഴ്‌ച രണ്ടരയ്‌ക്കാണ് വിദ്യയുടെ കസ്റ്റഡി കാലാവധി അവസാനിക്കുക. ശേഷം അഗളി പൊലീസ് വിദ്യയെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും. വിദ്യയെ പാലക്കാട് വനിത ജയിലിലേക്കായിരിക്കും അയക്കുക. വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ജൂണ്‍ ആറിനാണ് വിദ്യക്കെതിരെ അഗളി പൊലീസ് കേസെടുത്തത്.
പിടികൂടുന്നത്15 ദിവസത്തിന് ശേഷം : ജൂണ്‍ 21നാണ് മഹാരാജാസ് കോളജിന്‍റെ പേരിൽ വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് നിർമിച്ച കേസിലെ പ്രതി കെ വിദ്യയെ അഗളി പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. കോഴിക്കോട് മേപ്പയ്യൂർ കുട്ടോത്തുള്ള സുഹൃത്തിന്‍റെ വീട്ടിൽ നിന്നാണ് വിദ്യയെ പൊലീസ് പിടികൂടിയത്. ഒളിവിൽ പോയി 15 ദിവസത്തിന് ശേഷമാണ് വിദ്യയെ പൊലീസിന് കണ്ടെത്താനായത്.
മൊബൈൽ ഫോണ്‍ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യയെ അറസ്റ്റ് ചെയ്‌തത്. മേപ്പയ്യൂര്‍ പൊലീസിനോ കോഴിക്കോട് പൊലീസിനോ അറസ്റ്റിനെക്കുറിച്ച് വിവരങ്ങളുണ്ടായിരുന്നില്ല. വ്യാജ രേഖയുമായി ബന്ധപ്പെട്ട് നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ വിദ്യ വീണ്ടും മുൻകൂർ ജാമ്യത്തിനായി അപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
കരിന്തളം ഗവ. കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് ജയ്‌സൺ നൽകിയ പരാതിയിലാണ് നീലേശ്വരത്തെ കേസ്. അവിവാഹിതയാണെന്നും ആ പരിഗണന നൽകണമെന്നും ജാമ്യം നിഷേധിക്കേണ്ട തരത്തിലുള്ള കുറ്റം ചെയ്‌തിട്ടില്ലെന്നും വിദ്യ കാസർകോട് നൽകിയ ജാമ്യ ഹർജിയിലും പറഞ്ഞിരുന്നു.
അട്ടപ്പാടി കോളജിലും വ്യാജ രേഖ : അധ്യാപക നിയമനത്തിനായി വിദ്യ അട്ടപ്പാടി കോളജിൽ നൽകിയതും വ്യാജ രേഖകളാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനായി നല്‍കിയ പ്രവര്‍ത്തി പരിചയ രേഖയിലെ ഒപ്പും സീലും വ്യാജമാണെന്നും, ബയോഡാറ്റയിലും കൃത്രിമം നടന്നുവെന്നുമാണ് കോളജ് വിദ്യാഭ്യാസ വകുപ്പിന്‍റെ കണ്ടെത്തൽ.
സുപ്രധാന കണ്ടെത്തലുകളടങ്ങിയ റിപ്പോർട്ട് സംഘം കോളജ് വിദ്യാഭ്യാസ ഉപ ഡയറക്‌ടർക്ക് കൈമാറിയിട്ടുമുണ്ട്. നേരത്തെ കാസർകോട് കരിന്തളം ഗവൺമെന്‍റ് കോളജിൽ വിദ്യ നിയമനം നേടിയത് വ്യാജരേഖ ഉപയോഗിച്ച് തന്നെയെന്നത് കോളേജ്യേറ്റ് എജുക്കേഷൻ സംഘം കണ്ടെത്തിയിരുന്നു. ഇവിടെ ഒരു വർഷക്കാലം വിദ്യ അധ്യാപികയായി പ്രവർത്തിച്ചിരുന്നു.