പാലക്കാട്: പരിസ്ഥിതിയെ വെല്ലുവിളിച്ചു കൊണ്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനം യാതൊരു കാരണവശാലും സർക്കാർ അനുവദിക്കില്ലെന്ന് മന്ത്രി എ കെ ബാലൻ. കാലവര്‍ഷക്കെടുതി അനുഭവിക്കുന്ന ആനക്കല്ല് മേഖലയിലെ കോളനികളും പ്രളയ ദുരിത മേഖലകളും സന്ദർശിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കാലവര്‍ഷ കെടുതി മൂലം ഒലിച്ചു പോയ മായപ്പാറ പാലം മന്ത്രി സന്ദർശിച്ചു. പാലത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് എണ്‍പതു ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി അറിയിച്ചു.
ആദിവാസി വിഭാഗം അടക്കമുള്ള പ്രളയബാധിതര്‍ക്ക് റേഷന്‍ സാധനങ്ങളടക്കം എല്ലാ ആനുകൂല്യങ്ങളും ലഭിച്ചു വരുന്നുണ്ടെന്നും ഒരു പരാതിയും ജില്ലയില്‍ പ്രളയ ബാധിതര്‍ക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ക്വാറികള്‍ക്ക് ലൈസന്‍സ് നല്‍കാതിരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനങ്ങള്‍ എടുക്കും. വയലുകള്‍ നികത്തുന്നതിന് സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. ആദ്യ പ്രളയത്തില്‍ നിരവധി പാഠങ്ങള്‍ ഉള്ളതിനാല്‍ രണ്ടാമതുണ്ടായ പ്രളയത്തില്‍ മുന്‍കരുതലെടുക്കാന്‍ നമുക്ക് സാധിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.