പാലക്കാട്: പല്ലാവൂരില്‍ നിയന്ത്രണ വിട്ട ട്രാക്ടർ മറിഞ്ഞ് ഡ്രൈവർ മരിച്ചു. സഹായിക്ക് പരിക്കേറ്റു. തൂറ്റോട് വാരിയത്ത്പറമ്പ് കുഞ്ചാണ്ടിയാണ് (57) മരിച്ചത്. സഹായി ചെറുമണിക്കാട് കൃഷ്ണനെ (കുഞ്ചൻ) പരിക്കുകളോടെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പല്ലാവൂർ ചെറുമണിക്കാട് ചെക്ക്ഡാമിൽ ഞായറാഴ്ച രാവിലെ 8.30നായിരുന്നു അപകടം.
പല്ലാവൂരിലെ സ്വകാര്യ അരിമില്ലിൽ നിന്ന് ട്രാക്ടർ പെട്ടിയിൽ ചാരം കയറ്റി ചെറുമണിക്കാട്ടിലെ നെൽവയലിലേക്ക് കൊണ്ടുപോവുകയായിരുന്നു. തടയണയുടെ വീതി കുറഞ്ഞ നടപ്പാതയിലൂടെ കയറിയ ട്രാക്ടർ നിയന്ത്രണം തെറ്റി തോട്ടിലേക്ക് മറിഞ്ഞപ്പോൾ കുഞ്ചാണ്ടി ട്രാക്ടറിനടിയിൽ കുടുങ്ങുകയായിരുന്നു. ആലത്തൂരിൽ നിന്ന് ഫയർഫോഴ്സ് എത്തി ട്രാക്ടർ മാറ്റി പുറത്തെടുക്കുമ്പോഴേക്കും മരിച്ചു. അച്ഛന്‍: അപ്പു, അമ്മ: മാതു. ഭാര്യ: സരോജനി. മക്കൾ: വിപിൻദാസ്, വിസ്മയ. സഹോദരങ്ങൾ വേശു, ദേവു, രാജൻ.
Also Read: റോങ്സൈഡില്‍ കാര്‍ തിരിഞ്ഞു, കുതിച്ചെത്തിയ ബസ് ഇടിച്ചു ; രണ്ട് മരണം