വയനാട് : മാനന്തവാടിയിൽ പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം സംസ്‌കരിച്ചു. പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം പഞ്ചാരക്കൊല്ലിയിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചിരുന്നു. മാനന്തവാടി ഗവ. മെഡിക്കൽ കോളജിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെയോടെയാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്. തുടർന്ന് 10.30ഓടെയാണ് സംസ്‌കാരച്ചടങ്ങുകൾ ആരംഭിച്ചു.
ഗോത്രവിഭാഗക്കാരായ ഇവർ താമസിക്കുന്നതിന് സമീപത്തെ സമുദായ ശ്‌മശാനത്തിലാണ് സംസ്‌കാരച്ചടങ്ങുകൾ നടന്നത്. അതേസമയം മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിൽ നിരോധനാജ്ഞ തുടരുകയാണ്. മാനന്തവാടി നഗരസഭാ പരിധിയിൽ യുഡിഎഫ് ഇന്ന് (ജനുവരി 25) ഹർത്താലിനും ആഹ്വാനം ചെയ്‌തിട്ടുണ്ട്. അതിനിടെ നരഭോജിക്കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി.
അതേസമയം വയനാട്ടില്‍ രാധയെ കൊന്ന കടുവയുടെ ചിത്രം ക്യാമറയില്‍ പതിഞ്ഞെന്ന് ഫോറസ്‌റ്റ് സിസിഎഫ് കെഎസ് ദീപ പറഞ്ഞു. കടുവയുടെ ചിത്രം അനലൈസ് ചെയ്യുകയാണെന്നും കടുവയെ വൈകാതെ തിരിച്ചറിയാൻ കഴിയുമെന്നും ദീപ വ്യക്തമാക്കി.
വനം വകുപ്പിന്‍റെ ഡാറ്റാ ബേസിൽ ഉള്ള കടുവയാണോ എന്ന് പരിശോധിക്കുമെന്നും അവർ പറഞ്ഞു. മാത്രമല്ല, ഉച്ചയോട് കൂടി കൂട്ടില്‍ കയറ്റാനുള്ള പ്ലാന്‍ തയാറാക്കുമെന്നും ദീപ അറിയിച്ചു. പട്രോളിങ്ങിനായി കൂടുതല്‍ ആര്‍ആര്‍ടി ടീം എത്തുമെന്നും പഞ്ചാരക്കൊല്ലിയിലും പരിസരത്തെ ജനവാസമേഖലകളിലും പട്രോളിങ് ശക്തമാക്കുമെന്നും അവർ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ എത്തിയ ശേഷം കൂടി ആലോചിച്ച് മയക്കുവെടി വയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള തീരുമാനം എടുക്കുമെന്നും, വെറ്ററിനറി ടീമിലെ വിഷ്‌ണു, അജേഷ് മോഹൻദാസ് എന്നിവർ സ്ഥലത്തെത്തിയതായും ദീപ പറഞ്ഞു. അതേസമയം പ്രദേശത്ത് 38 ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ലൈവ് സ്ട്രീം ക്യാമറകള്‍ ഇന്ന് സ്ഥാപിക്കും. കുങ്കിയാനകളെയും എത്തിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കടുവയെ നിലവിലുള്ള സ്ഥലത്ത് തന്നെ നിലനിര്‍ത്താനാണ് ശ്രമമെന്നും അവർ വ്യക്തമാക്കി.
പ്രതികരിച്ച് കൊല്ലപ്പെട്ട് രാധയുടെ ബന്ധു : വന്യമൃഗശല്യത്തിലും മൃഗങ്ങൾ മനുഷ്യരെ കൊല്ലുന്നതിലും യാതൊരു നടപടിയും ഉദ്യോഗസ്ഥർ സ്വീകരിക്കാറില്ലെന്ന് കൊല്ലപ്പെട്ട രാധയുടെ ബന്ധു ശാന്ത പറഞ്ഞു. വന്യമൃഗങ്ങൾ ആക്രമിച്ച് ആരെങ്കിലും മരിച്ചാൽ രണ്ട് ദിവസം സമരം ഉണ്ടാകും, അതിന്‍റെ ഭാഗമായി മരിച്ചവരുടെ കുടുംബത്തിന് പണം ലഭിക്കും. എന്നാൽ ആ മരിച്ച വ്യക്തിയെ നമുക്ക് തിരിച്ച് കിട്ടില്ലല്ലോ എന്നും അവർ കൂട്ടിച്ചേർത്തു. വന്യമൃഗശല്യത്തിനെതിരെ കർശന നടപടിയെടുക്കണമെന്നും അതിനെ കൊല്ലാൻ വേണ്ടിയുള്ള നടപടികൾ സ്വീകരിക്കണമെന്നും ശാന്ത വ്യക്തമാക്കി.
Also Read: കേരളത്തിലെ മലയോരഗ്രാമങ്ങളുടെ ഉറക്കം കെടുത്തുന്ന കടുവകള്‍: 'നര'നായാട്ടുകളുടെ നാൾവഴി