പാലക്കാട്: സ്ഥാനാർഥി നിർണയത്തെ ചൊല്ലി പാലക്കാട് കോൺഗ്രസിൽ കലഹം. പിന്നാക്ക വിഭാഗക്കാരെ മത്സര രംഗത്ത് നിന്ന് മനപ്പൂർവ്വം ഒഴിവാക്കുന്നതായാണ് ആക്ഷേപം. ഡിസിസി വൈസ് പ്രസിഡന്‍റ് സുമേഷ് അച്യുതനാണ് ഡിസിസി പ്രസിഡന്‍റും എംപിയുമായ വികെ ശ്രീകണ്ഠനെതിരെ രംഗത്ത് വന്നിരിക്കുന്നത്. മത്സരിച്ചവർ ഇത്തവണ വീണ്ടും മത്സരിക്കരുതെന്ന പൊതു നിലപാടാണ് ഡിസിസി അധ്യക്ഷന്‍റെ നേതൃത്വത്തിൽ ആദ്യം സ്വീകരിച്ചത്.
എന്നാൽ ഇക്കാര്യത്തിൽ പിന്നീട് ഇരട്ട നീതിയാണ് കാണാൻ കഴിഞ്ഞത്. ആറ് തവണയിലധികമായി മത്സരരംഗത്ത് ഉള്ളവരടക്കം എംപിക്ക് പ്രിയപ്പെട്ടവരെ വീണ്ടും മത്സരിപ്പിക്കുകയും ചിലരെ മാത്രം തിരഞ്ഞു പിടിച്ച് ഒഴിവാക്കുകയും ചെയ്യുന്നതായി സുമേഷ് അച്യുതൻ പറഞ്ഞു. ഒഴിവാക്കപ്പെടുന്നവർ പിന്നോക്ക വിഭാഗത്തിൽ നിന്നുള്ളവരാണ്. പിന്നോക്ക വിഭാഗത്തിൽപ്പെട്ട ആളുകൾ അധികാരസ്ഥാനങ്ങളിൽ എത്തരുതെന്നുള്ള നേതൃത്വത്തിന്‍റെ ദുർവാശിയാണ് ഇതിന് കാരണമെന്നും സുമേഷ് അച്യുതൻ ആരോപിച്ചു.