പാലക്കാട്: ഗവ.മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ററി സ്‌കൂള്‍ നവീകരണത്തിന്‍റെ ഭാഗമായുള്ള ഡിജിറ്റലൈസേഷന്‍ നൂറു ദിവസത്തിനകം പൂര്‍ത്തീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ഉത്തരവിട്ടു. എംപവേര്‍ഡ് കമ്മിറ്റി യോഗത്തിലാണ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ഉത്തരവിട്ടത്. കമ്മിഷന്‍ ഉത്തരവ് കൈപ്പറ്റി 15 ദിവസത്തിനകം എംപവേര്‍ഡ് കമ്മിറ്റി യോഗം ചേര്‍ന്ന് പദ്ധതി പൂര്‍ത്തീകരിക്കുന്നതിനുള്ള തീരുമാനങ്ങള്‍ എടുക്കണം.
സ്‌കൂളില്‍ മുന്‍പുണ്ടായിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ കാണാതായ പരാതി സംബന്ധിച്ച് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അന്വേഷിച്ച് ഉത്തരവാദികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം. പദ്ധതിയുടെ നിര്‍വ്വഹണ എജന്‍സിയായ ഹാബിറ്റാറ്റ് ടെക്‌നോളജീസ് ഗ്രൂപ്പ് നിര്‍മ്മിച്ച ഫര്‍ണീച്ചറുകള്‍ കുട്ടികള്‍ക്ക് ദീര്‍ഘ നേരം ഇരിക്കാന്‍ കഴിയുന്ന വിധത്തില്‍ പരിഷ്‌കരിക്കണമെന്നും കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി.മനോജ് കുമാര്‍, അംഗം സി.വിജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവായി.
4,800 കൂട്ടികള്‍ പഠിക്കുന്ന ഗവ.മോയന്‍ സ്‌കൂള്‍ നവീകരണത്തിനും ഡിജിറ്റലൈസേഷനുമായി 2013-14 ല്‍ സര്‍ക്കാര്‍ എട്ടുകോടി രൂപ വകയിരുത്തിയെങ്കിലും നാളിതുവരെ പദ്ധതി പൂര്‍ത്തിയായില്ലെന്നാണ് പരാതി. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനും, ഷാഫി പറമ്പില്‍ എം.എല്‍.എ, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍, ഹയര്‍ സെക്കന്‍ററി വിദ്യാഭ്യാസ ഡയറക്ടര്‍, പാലക്കാട് ജില്ലാ കലക്ടര്‍ എന്നിവര്‍ അംഗങ്ങളും ഐ.ടി സ്‌കൂള്‍ ഡയറക്ടര്‍ പ്രൊജക്ട് ഡയറക്ടറുമായി എംപവേര്‍ഡ് കമ്മിറ്റിയും രൂപീകരിച്ചു.
2015 ല്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയ പദ്ധതി ഇതുവരെ പൂര്‍ത്തിയാക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി. പദ്ധതിയുടെ സിവില്‍ പ്രവര്‍ത്തികളും ഇലക്ട്രിക് പ്രവര്‍ത്തികളും നിര്‍വഹണ ഏജന്‍സിയായ ഹാബിറ്റാറ്റിനെയും ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങുന്നതിന് കെല്‍ട്രോണിനെയും ചുമതലപ്പെടുത്തി. ഇരുകൂട്ടരും 2017 ഒക്ടോബര്‍ 21 ന് ഒപ്പിട്ട കരാര്‍ പ്രകാരം ഹാബിറ്റാറ്റ് നിര്‍ദ്ദേശിച്ച വ്യവസ്ഥകള്‍ പാലിക്കാന്‍ കെല്‍ട്രോണിന് ബാധ്യതയുള്ളതിനാല്‍ കരാറില്‍ നിന്ന് പിന്‍മാറരുതെന്നും കമ്മിഷന്‍ വ്യക്തമാക്കി.