പാലക്കാട് : നവകേരളം സൃഷ്‌ടിക്കാൻ സമ്പദ്ഘടനയുടെ സാങ്കേതിക അടിത്തറ മാറ്റണമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും മുന്‍ ധനമന്ത്രിയുമായി ഡോ.ടി എം.തോമസ് ഐസക്ക്. അഭ്യസ്‌ത വിദ്യരുടെയും സ്ത്രീകളുടെയും തൊഴിലില്ലായ്‌മ പ്രശ്‌നം പരിഹരിക്കുകയും ചെയ്യണം. പി കുഞ്ഞിരാമൻ മാസ്റ്റർ പഠനകേന്ദ്രം സംഘടിപ്പിച്ച നവകേരള വികസന സദസ് ഉദ്‌ഘാടനം ചെയ്യവേയാണ് തോമസ് ഐസക്കിന്‍റെ അഭിപ്രായ പ്രകടനം.
രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് എല്ലാ രംഗത്തും കേരളം മുന്നിലാണ്. നവ കേരളം സൃഷ്‌ടിക്കാൻ പുതിയ പ്രശ്‌നങ്ങൾ മറികടക്കേണ്ടതുണ്ട്. കൃഷി മുതൽ എല്ലാ മേഖലയിലും സാങ്കേതിക അടിത്തറ മെച്ചപ്പെടണം.
യുവാക്കളുടെ ശാസ്ത്രപഠനങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കണം. മറ്റ് സംസ്ഥാനങ്ങളേക്കാൾ ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കേരളത്തിൽ കുറവാണ്, ഇത് മാറ്റണം. സാമ്പത്തിക വളർച്ചയ്‌ക്കൊപ്പം സാമൂഹ്യക്ഷേമത്തിനും പ്രാധാന്യം നല്‍കുന്നതാണ് കേരളത്തിലെ വികസനം.
ആദ്യം സാമ്പത്തിക വളർച്ചയാണ് ഉണ്ടാകേണ്ടത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം ഉത്പാദന മേഖലയിൽ കാര്യമായ ഇടപെടലിനും ശ്രമമുണ്ടാകണം. പുതിയ വെല്ലുവിളികൾ കൂടി മറികടന്നാൽ കേരളത്തെ മറ്റൊരു സംസ്ഥാനത്തിനും പിടിച്ചാൽ കിട്ടാത്തവിധം വികസനക്കുതിപ്പുള്ള സംസ്ഥാനമാക്കാമെന്നും അദ്ദേഹം പറഞ്ഞു.