പാലക്കാട്: തീറ്റ തേടുന്നതിനിടെ സ്‌ഫോടന വസ്‌തു പൊട്ടിത്തെറിച്ച് പശുവിന്‍റെ വായ തകര്‍ന്നു. പട്ടിക്കര ബൈപ്പാസില്‍ ഇന്നലെ വൈകിട്ട് നാലിനാണ് സംഭവം. റോഡരികിലെ മാലിന്യത്തില്‍ നിന്ന് തീറ്റ തേടുന്നതിനിടെയാണ് സ്‌ഫോടമുണ്ടായത്.
അപകടത്തില്‍ പശുവിന്‍റെ വായ പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റ പശുവിനെ മൃഗാശുപത്രിയിലേക്ക് മാറ്റി. വടക്കന്തറ പ്രാണൻകുളം മനോജിന്‍റേതാണ് പശു. സംഭവത്തെ തുടര്‍ന്ന് പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
പന്നിപ്പടക്കം കടിച്ചാണ് അപകടമുണ്ടായതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. റോഡരികില്‍ ഭക്ഷണ വസ്‌തുക്കളുടെയും ഇലക്‌ട്രോണിക് ഉപകരണങ്ങളുടെയും മാലിന്യങ്ങള്‍ അടക്കം തള്ളുന്നുണ്ട്. മാലിന്യങ്ങളില്‍ കാട്ടുപന്നികള്‍ എത്തുന്നതും പതിവാണ്.
കാട്ടുപന്നികളെ പിടികൂടാനായി വച്ച പടക്കമാണോ പൊട്ടിത്തെറിച്ചതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.